കൊല്‍ക്കത്ത: സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി 15 ടെസ്റ്റുകള്‍ ജയിച്ച് 2001ല്‍ ഇന്ത്യയിലെത്തിയത് അവസാന ഭൂമികയും കീഴടക്കാനായിരുന്നു. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുക എന്നത് മാത്രമായിരുന്നു  അജയ്യരായ ഓസീസ് ടീമിന്റെ മുന്നിലെ പ്രധാന ലക്ഷ്യം. അന്നത്തെ ഫോമില്‍ അവര്‍ക്ക് അത് അസാധ്യവുമല്ലായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച് തുടര്‍ജയങ്ങളുടെ പരമ്പര 16ല്‍ എത്തിച്ച് ഓസീസിന് പക്ഷെ കൊല്‍ക്കത്തയില്‍ വിവിഎസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും പ്രതിരോധത്തിന് മുന്നില്‍ അടിപതറി. സൗരവ് ഗാംഗുലിയെന്ന നായകന്റെ തന്ത്രങ്ങള്‍ മാറ്റുരച്ച പരമ്പര കൂടിയായിരുന്നു അത്.

കൊല്‍ക്കത്തയിലും ചെന്നൈയിലും ജയിച്ച് ഇന്ത്യ അജയ്യരെന്ന് കരുതിയ ഓസീസിനെ കീഴടക്കി പരമ്പര നേടിയപ്പോള്‍ ലക്ഷ്മണും ദ്രാവിഡിനും ഹര്‍ഭജനുമൊപ്പം ഗാംഗുലിയുടെ തന്ത്രങ്ങളും കൈയടി നേടി. ഇതില്‍ പ്രധാനമായിരുന്നു ടോസ് സമയത്ത് ഓസീസ് നായകന്‍ സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയ സംഭവം. ഇത് ഓസീസ് നായകനെ ശരിക്കും ചൊടിപ്പിച്ചിരുന്നു. എതിരാളിക്ക് മേല്‍ മാനസികാധിപത്യം നേടാനുള്ള തന്ത്രമെന്ന നിലയിലായിരുന്നു ഗാംഗുലി സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയതെന്ന് വ്യാഖ്യാനമുണ്ടായി.

എന്നാല്‍ ആദ്യ തവണ താന്‍ സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയത് എന്തെങ്കിലും തന്ത്രത്തിന്റെ പേരിലായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി. ഇന്ത്യന്‍ ഓപ്പണറായ മായങ്ക് അഗര്‍വാളുമൊത്തുള്ള വീഡിയോ സംഭാഷണത്തിലാണ് ഗാംഗുലി അക്കാര്യം തുറന്നുപറഞ്ഞത്. ടോസ് സമയത്ത് ആദ്യം സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയത് പ്രത്യേകിച്ച് തന്ത്രത്തിന്റെ ഭാഗമായിരുന്നില്ല. ഓസീസിനെപ്പോലൊരു ടീമിനെ നേരിടുന്നതിന്റെ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു ഞാന്‍. കഴിഞ്ഞ 25-30 വര്‍ഷത്തിനിടെ അത്രയും മികച്ചൊരു ടീമിനെ ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലെ എന്റെ ആദ്യ വലിയ പരമ്പരയുമായിരുന്നു അത്.

Also Read: പ്രേതത്തെ നേരില്‍ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് സൗരവ് ഗാംഗുലി

ആ ടെന്‍ഷന്‍ കാരണം സത്യം പറഞ്ഞാല്‍ ടോസിടാന്‍ ഇറങ്ങിയപ്പോള്‍ ജേഴ്സിക്ക് മേലെ ധരിക്കുന്ന ഓവര്‍ കോട്ട് ധരിക്കാന്‍ മറന്നു. പിന്നീട് അത് ധരിക്കാനായി തിരികെപോയതുകൊണ്ട് ടോസിന് സമയത്തിന് എത്താന്‍ കഴിയാതിരുന്നത്. എന്നാല്‍ ഞാന്‍ ടോസിന് വൈകിയത് സ്റ്റീവ് വോയെ ശരിക്കും ചൊടിപ്പിച്ചു എന്ന് എനിക്ക് മനസിലായി. അതവരുടെ അഹന്തയില്‍ തന്നെ കൊണ്ടു. അതുകൊണ്ട് ഞാനത് വീണ്ടും ആവര്‍ത്തിച്ചു. പക്ഷെ എല്ലാം ഒരു തമാശയായെ ഞാനെടുത്തിട്ടുള്ളു. കളിക്കാരനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും തനിക്ക് സ്റ്റീവ് വോയോട് തനിക്ക് അതിരറ്റ ബഹുമാനമുണ്ടെന്നും ഗാംഗുലി പറഞ്ഞു.