ടീമിന്‍റെ മുഖ്യപരിശീലക പദവി താൻ ഏറ്റെടുക്കുമെന്നും സഹപരിശീലകരെ നിയമിക്കുമെന്നും സൗരവ് ഗാംഗുലി സൂചന നല്‍കി.

ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ പുറത്താക്കി. കഴിഞ്ഞ മൂന്ന് സീസണിലും ടീം പ്ലേ ഓഫ് കാണാതെ പുറത്തായതോടെയാണ് തീരുമാനം. 2018ൽ ഡൽഹിയിലെത്തിയ പോണ്ടിംഗിന്‍റെ പരിശീലനത്തിൽ 2021ൽ ടീം ഫൈനലിലെത്തിയെങ്കിലും, പിന്നീട് തിളങ്ങാനായിരുന്നില്ല.

അതേസമയം, ടീമിന്‍റെ മുഖ്യപരിശീലക പദവി താൻ ഏറ്റെടുക്കുമെന്നും സഹപരിശീലകരെ നിയമിക്കുമെന്നും സൗരവ് ഗാംഗുലി സൂചന നല്‍കി. നിലവിൽ ഡൽഹി ഫ്രാഞ്ചൈസി ഡയറക്ട‍ർ ആണ് ഗാംഗുലി. എന്നാൽ ഗാംഗുലിയെ പരിശീലകനാക്കുന്ന കാര്യത്തില്‍ ടീം ഉടമകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തിനായി പദ്ധതികള്‍ തയാറാക്കേണ്ടതുണ്ടെന്നും ഐപിഎല്ലില്‍ ഡല്‍ഹിയെ ഒരു തവണയെങ്കിലും ചാമ്പ്യന്‍മാരാക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ബംഗ്ലാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി വ്യക്തമാക്കി.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ അര്‍ഹിച്ച സെഞ്ചുറി നിഷേധിച്ചോ; ആരാധകർക്ക് മറുപടി നല്‍കി യശസ്വി ജയ്സ്വാള്‍

പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യം ഫ്രാഞ്ചൈസി ഉടമകളുമായി സംസാരിച്ചിട്ടില്ലെന്നും ഇന്ത്യക്കാരനെ പരിശീലകനാക്കിയാല്‍ മതിയെന്നാണ് തന്‍റെ നിലപാടെന്നും ഗാംഗുലി പറഞ്ഞു. ആരാകും പോണ്ടിംഗിന്‍റെ പിന്‍മാഗിമെയെന്ന് ചോദിച്ചപ്പോഴാണ് താന്‍ തന്നെ പരിശീലക ചുമതലയേറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഗാംഗുലി പറഞ്ഞത്. ഞാനായിരിക്കും മുഖ്യപരിശീലകന്‍. കോച്ച് എന്ന നിലയില്‍ എന്‍റെ പ്രകടനം എങ്ങനെയുണ്ടെന്ന് നമുക്ക് നോക്കാം. പുതിയ കളിക്കാരെയും ടീമിലെത്തിക്കേണ്ടതുണ്ട് ഗാംഗുലി പറഞ്ഞു. പ്രവീണ്‍ ആംറേ ആണ് നിലവില് ഡല്‍ഹിയുടെ സഹപരിശീലകന്‍.

ലോകത്തിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഹര്‍ഭജൻ; കോലിയോ രോഹിത്തോ ഇല്ല

പുതിയ പരിശീലകന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാനായി ടീം ഉടമകളായ ജെഎസ്‌ഡബ്ല്യു-ജിഎംആര്‍ ഗ്രൂപ്പ് ഉടമകള്‍ ഈ മാസം അവസാനത്തോടെ യോഗം ചേരുമെന്നാണ് കരുതുന്നത്. മെഗാ താരലേലത്തിന് മുമ്പ് ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണമെന്ന കാര്യത്തിലും ഡല്‍ഹിക്ക് വൈകാതെ തീരുമാനമെടുക്കേണ്ടിവരും. നായകന്‍ റിഷഭ് പന്ത്, ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നവരായിരിക്കും ഡല്‍ഹി നിലനിര്‍ത്തുന്ന ഇന്ത്യൻ താരങ്ങളെന്നാണ് സൂചന. വിദേശ താരത്തിന്‍റെ കാര്യത്തില്‍ ട്രിസ്റ്റൻ സ്റ്റബ്സ് വേണോ ജേക് ഫ്രേസര്‍ മക്‌ഗുര്‍ക് വേണോ എന്ന കാര്യത്തിലാണ് ഡല്‍ഹിയുടെ ആശയക്കുഴപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക