ക്യാപ്റ്റൻ തിലക് വര്‍മയും അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്‌വാദും റിയാന്‍ പരാഗുമെല്ലാം ഇന്ത്യൻ നിരയില്‍ നിരാശപ്പെടുത്തി.

രാജ്കോട്ട്: ദക്ഷിണാഫ്രിക്ക എക്കതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് 73 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തപ്പോള്‍ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 49.1 ഓവറില്‍ 252 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത ആയുഷ് ബദോനിയും 53 റണ്‍സെടുത്ത ഇഷാന്‍ കിഷനും മാത്രമാണ് ഇന്ത്യ എക്കായി പൊരുതിയത്. 

ക്യാപ്റ്റൻ തിലക് വര്‍മയും അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്‌വാദും റിയാന്‍ പരാഗുമെല്ലാം ഇന്ത്യൻ നിരയില്‍ നിരാശപ്പെടുത്തിയപ്പോള്‍ നാലു വിക്കറ്റെടുത്ത കബായോംസി പീറ്ററും മൂന്ന് വിക്കറ്റെടുത്ത ഷെപ്പോ മൊറേക്കിയുമാണ് ദക്ഷിണാഫ്രിക്കക്കായി ബൗളിംഗില്‍ തിളങ്ങിയത്. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയിലെ ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ എ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.

326 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എക്ക് നാലാം ഓവറില്‍ തന്നെ ആദ്യ തിരിച്ചടിയേറ്റു.8 പന്തില്‍ 11 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയെ മൊറേക്ക് പുറത്താക്കി. പത്താം ഓവറില്‍ ക്യാപ്റ്റൻ തിലക് വര്‍മയും(11) നിലയുറപ്പിക്കാതെ മടങ്ങി. പിന്നാലെ മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദ്(25) കൂടി പുറത്തായതോടെ ഇന്ത്യ 57-3 എന്ന സ്കോറില്‍ പതറി. റിയാന്‍ പരാഗിനും(17) കാര്യമായി ഒന്നും ചെയ്യാനായില്ല. 82-4ലേക്ക് വീണ ഇന്ത്യ എക്ക് ആയുഷ് ബദോനിയും ഇഷാന്‍ കിഷനും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 88 റണ്‍സടിച്ചു. എന്നാല്‍ ഇഷാന്‍ കിഷനെ കബായോംസി പീറ്റര്‍ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. ബദോനിയെയും(66)പീറ്റര്‍ തന്ന മടക്കി ഇന്ത്യയുടെ നടുവൊടിച്ചു ഹര്‍ഷിത് റാണ പീറ്ററുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മാനവ് സുതാറും(23),പ്രസിദ്ധ് കൃഷ്ണയും(23) ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ഓപ്പണര്‍മാരായ ലുഹാന്‍ പ്രിട്ടോറിയസിന്‍റെയും(98 പന്തില്‍ 123), റിവാള്‍ഡോ മൂണ്‍സാമിയുടെയും(107) സെഞ്ചുറികളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 37 ഓവറില്‍ 241 റണ്‍സടിച്ചശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീഴ്ത്താനായത്. ഇന്ത്യക്കായി ഖലീല്‍ അഹമ്മദ് പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക