സിംബാംബ്‍വേയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 236 റൺസിനും ദക്ഷിണാഫ്രിക്ക ജയിച്ചു. 506 റൺസ് ലീഡ് വഴങ്ങിയ സിംബാബ്‌വെ രണ്ടാം ഇന്നിംഗ്സിൽ 220 റൺസിന് പുറത്തായി. 

ബുലവായോ: സിംബാംബ്‍വേയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 236 റൺസിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഒന്നാം ഇന്നിംഗ്സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാംബ്‍വേ രണ്ടാം ഇന്നിംഗ്സിൽ 220 റൺസിന് പുറത്തായി. ഇന്നലെ 51-1 എന്ന സ്കോറിലായിരുന്നു സിംബാബ്‌വെ ക്രീസ് വിട്ടത്.

ഇന്ന് ആദ്യ സെഷനില്‍ 92 റണ്‍സ് അടിച്ചെടുത്തെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. 55 റൺസെടുത്ത നിക്ക് വെൽഷാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ 49 റൺസെടുത്തു. കോർബിൻ ബോഷ് നാലും സെനുരാൻ മുത്തുസ്വാമി മൂന്നും കോഡി യൂസുഫ് രണ്ടും വിക്കറ്റ് വീഴ്ത്തി.

പുറത്താവാതെ 367 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മുൾഡറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 328 റൺസിന് ജയിച്ചിരുന്നു. ഇന്നലെ ടെസ്റ്റില്‍ 400 റണ്‍സെന്ന ബ്രയാന്‍ ലാറയുടെ ലോക റെക്കോര്‍ഡ് മറികടക്കാൻ അവസരമുണ്ടായിട്ടും വിയാന്‍ മുൾഡര്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത്ത് ആരാധകരെ ഞെട്ടിച്ചിരുന്നു. 

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ബ്രയാന്‍ ലാറയെന്നും ആ റെക്കോര്‍ഡ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും മുള്‍ഡര്‍ പറഞ്ഞിരുന്നു. ഭാവിയില്‍ വീണ്ടും അവസരം ലഭിക്കുകയാണെങ്കിലും താന്‍ ഇതുതന്നെയാവും ചെയ്യുകയെന്നും മുള്‍ഡര്‍ പറ‍ഞ്ഞു.

ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ പോയന്‍റൊന്നും നേടാനായിട്ടില്ല. നവംബറില്‍ ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത ടെസ്റ്റ് പരമ്പര. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക