പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. പോര്‍ട്ട് എലിസബത്തിൽ ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 107 റൺസിന്‍റെ വമ്പന്‍ ജയം നേടിയിരുന്നു. ഇന്നും ജയിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്.

Read more: ആ ഇന്ത്യന്‍ താരമാണ് എന്റെ ഇഷ്ടതാരം; ഹാട്രിക് പ്രകടനത്തിന് ശേഷം മനസ് തുറന്ന് അഷ്ടണ്‍ അഗര്‍

കഴിഞ്ഞ മത്സരത്തിൽ കാണികളുടെ പ്രതിഷേധത്തിന് ഇരയായ സ്റ്റീവ് സ്‌മിത്ത് ഇന്നും ശ്രദ്ധാകേന്ദ്രമാകും. സ്‌മിത്തിനെതിരെ 'സാന്‍ഡ് പേപ്പര്‍ വില്‍പനയ്‌ക്ക്' എന്ന ബോര്‍ഡ് ഗാലറിയില്‍ ചില ആരാധകരുയര്‍ത്തിയിരുന്നു. 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ സ്‌മിത്തിന്റെ ആദ്യ പരമ്പരയാണിത്. 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ ഉള്‍പ്പെട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ജൊഹന്നസ്‌ബര്‍ഗ് ടി20യില്‍ പ്രതിഷേധത്തിന് ഇരയായിരുന്നു.

Read more: പന്തില്‍ കൃത്രിമം കാണിച്ചു; ഓസ്ട്രേലിയ വന്‍ വിവാദത്തില്‍

ആദ്യ ടി20യില്‍ ഓസീസ് 107 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. ഓസീസിന്റെ 196 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 89 റൺസിന് പുറത്തായി. ഹാട്രിക് ഉൾപ്പടെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആഷ്‌ടൺ ആഗറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. കൂവിവിളികള്‍ക്കിടയിലും സ്റ്റീവ് സ്‌മിത്ത് ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. സ്‌മിത്ത് 45ഉം ഫിഞ്ച് 42ഉം റണ്‍സെടുത്തതാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.

Read more: ഓസ്‌ട്രേലിയക്കെതിരായ ടി20 തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി