കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന രാജ്യാന്തര ശതകം

സെഞ്ചൂറിയന്‍: സെഞ്ചുറിയില്ലാത്ത തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ (Team India) ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിക്ക് (Virat Kohli) കടന്നുപോകുന്നത്. ഈ വ‍ർഷത്തെ അവസാന ടെസ്റ്റായ സെ‌ഞ്ചൂറിയനിൽ (South Africa vs India 1st Test) ആദ്യ ഇന്നിംഗ്‌സിൽ 35ഉം രണ്ടാം ഇന്നിംഗ്‌സിൽ 18ഉം റൺസേ കോലി നേടിയുള്ളൂ. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന രാജ്യാന്തര ശതകം. മൂന്നക്കം കണ്ടെത്താന്‍ കിതയ്‌ക്കുമ്പോഴും കോലിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് (Vikram Rathour). 

'വിരാട് കോലി ഏറെ റണ്‍സ് കണ്ടെത്തിയിട്ടുള്ള ഷോട്ടാണ് ഡ്രൈവുകള്‍. കോലിയുടെ റണ്‍ സ്‌കോറിംഗ് ഷോട്ടാണത്. കോലിക്ക് എക്കാലത്തും കരുത്തായ ആ ഷോട്ട് ഇപ്പോള്‍ ന്യൂനതയായിരിക്കുന്നു. ഒരു ഷോട്ട് കളിക്കാതിരുന്നാല്‍ ഒരിക്കല്‍പ്പോലും അത് പിന്നീട് കളിക്കാനാവില്ല. ഒരിക്കലും റണ്‍സ് കണ്ടെത്താനുമാവില്ല. ഡ്രൈവ് ഷോട്ടുകള്‍ കളിക്കുന്നത് കോലി തുടരണം, എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട പന്തുകള്‍ തെരഞ്ഞെടുക്കണം' എന്നും വിക്രം റാത്തോട് പറഞ്ഞു. ഓഫ് സ്റ്റംപിലും പുറത്തും വരുന്ന പന്തുകളില്‍ കോലി പുറത്താവുന്നത് പതിവായത് വലിയ വിമര്‍ശനം നേരിടുമ്പോഴാണ് റാത്തോഡിന്‍റെ പിന്തുണ. 

കോലിക്ക് പുറമെ ഫോമിലെത്താന്‍ കഷ്‌ടപ്പെടുന്ന ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയേയും റാത്തോഡ് പിന്തുണച്ചു. 'ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. രഹാനെ മികച്ച ടച്ചിലാണെങ്കിലും അപ്രതീക്ഷിതമായി പുറത്തായി. ടീമിനായി മുമ്പ് ഗംഭീര ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെച്ച താരമാണ് പൂജാര. വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളിലായിരുന്നു ആ ഇന്നിംഗ്‌സുകള്‍. അത്രയധികം പേരൊന്നും ഇത്തരം സാഹചര്യങ്ങളില്‍ റണ്‍സ് കണ്ടെത്തിയിട്ടില്ല. ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്' എന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു. 

വിരാട് കോലിക്ക് കരിയറിലെ ഏറ്റവും മോശം 24 മാസമാണ് കടന്നുപോകുന്നത്. 14 ടെസ്റ്റുകളില്‍ 26.08 ശരാശരിയില്‍ 652 റണ്‍സ് മാത്രമാണ് നേടിയത്. ഈ വര്‍ഷം 11 ടെസ്റ്റുകളില്‍ 28.21 ശരാശരിയില്‍ 536 റണ്‍സേയുള്ളൂ. ടെസ്റ്റ് കരിയറില്‍ 98 മത്സരങ്ങളില്‍ 27 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും സഹിതം 50.35 ശരാശരിയില്‍ 7854 റണ്‍സുണ്ട് കോലിക്ക്. 254 ആണ് ഉയര്‍ന്ന സ്‌കോര്‍. എങ്കിലും മൂന്നക്കം കാണാന്‍ രണ്ട് വര്‍ഷമായി കോലിക്ക് കഴിഞ്ഞിട്ടില്ല. 

Chopra slams Pujara : 'മൂന്നാം സുഹൃത്തിനെ മറന്നു'; പൂജാര റണ്‍സ് കണ്ടെത്താത്തതില്‍ കുറ്റപ്പെടുത്തി ചോപ്ര