2019ന് ശേഷം നാളിതുവരെ സെഞ്ചുറി നേടാന്‍ കഴിയാത്തതാണ് വിരാട് കോലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്

കേപ് ടൗണ്‍: ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ (Team India) ടെസ്റ്റ് നായകന്‍ വിരാട് കോലിക്ക് (Virat Kohli) പിന്തുണയുമായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (David Warner). രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌‌ച‌വെച്ച കോലിയെ പോലൊരു താരത്തിന് ഫോമിലാകാതിരിക്കാനും അവകാശമുണ്ട് എന്നുപറഞ്ഞ വാര്‍ണര്‍ കിംഗ് കോലി തന്‍റെ മികവിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. 

'വിരാട് കോലിയുടെ മോശം ഫോമിനെ കുറിച്ച് ഏറെപ്പേര്‍ സംസാരിക്കുന്നു. മഹാമാരിയിലൂടെ കടന്നുപോയവരാണ് നമ്മള്‍. അദേഹത്തിനൊരു കുഞ്ഞ് ജനിച്ച വിവരം നമുക്കറിയാം. എത്രത്തോളം മികവാണ് കോലി പുറത്തെടുത്തിട്ടുള്ളത് എന്നുനാം കണ്ടതാണ്. അതിനാല്‍ പരാജയപ്പെടാനും അദേഹത്തെ നിങ്ങള്‍ അനുവദിക്കണം. വളരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളതിനാല്‍ പരാജയപ്പെടാനുള്ള അവകാശം കോലിക്കുണ്ട്. സ്റ്റീവ് സ്‌മിത്തിനെയും വിരാട് കോലിയേയും പോലുള്ള താരങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ട്' എന്ന് വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയെ നയിക്കുകയാണ് വിരാട് കോലി. 2019ന് ശേഷം നാളിതുവരെ സെഞ്ചുറി നേടാന്‍ കഴിയാത്തതാണ് വിരാട് കോലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറി നേടിയിട്ടുള്ള താരമാണ് വിരാട് കോലി. 

മുപ്പത്തിമൂന്നുകാരനായ വിരാട് കോലി 98 ടെസ്റ്റിൽ 27 സെഞ്ചുറികളോടെ 7854 റൺസും 254 ഏകദിനത്തിൽ 43 സെഞ്ചുറികളോടെ 12169 റൺസും 95 രാജ്യാന്തര ട്വന്‍റി 20യിൽ നിന്ന് 3227 റൺസും നേടിയിട്ടുണ്ട്. എന്നാല്‍ കോലിയുടെ സെഞ്ചുറിമഴ മുമ്പ് കണ്ടിട്ടുള്ള ആരാധകര്‍ക്ക് നിരാശ നല്‍കുന്ന പ്രകടനമാണ് 2020ലും 2021ലും താരത്തിന്‍റെ ബാറ്റില്‍ നിന്നുണ്ടായത്. കവര്‍ഡ്രൈവുകളില്‍ കോലി വിക്കറ്റ് വലിച്ചെറിയുന്നതായിരുന്നു ആരാധകര്‍ കൂടുതലും അടുത്തിടെ കണ്ടത്. 

SA vs IND : ഇങ്ങനെ ബാറ്റ് ചെയ്യരുത്, റിഷഭ് പന്തിനെ കേപ് ടൗണില്‍ കളിപ്പിക്കേണ്ട; ആഞ്ഞടിച്ച് മദന്‍ ലാല്‍