വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബൗളിംഗ് തിരഞ്ഞെടുത്തതോടെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടുള്ള മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അമന്‍ജോത് കൗര്‍ ടീമില്‍ തിരിച്ചെത്തി. രേണുക സിംഗാണ് വഴിമാറി കൊടുത്തത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. പിന്നാലെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, സുനെ ലൂസ്, മരിസാനെ കാപ്പ്, അനെകെ ബോഷ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, തുമി സെഖുഖുനെ, നോങ്കുലുലെക്കോ മ്ലാബ.

സ്മൃതി മന്ദാന, ഹാര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ രണ്ട് മത്സരത്തിലും സ്മൃതിക്ക് ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ലെന്നുള്ളതാണ് ഇന്ത്യയുടെ തലവേദന. സഹ ഓപ്പണര്‍ പ്രതിക റാവലും അവസരത്തിനൊത്ത് ഉയരുന്നില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയുടെ മിന്നും ഫോമിനൊപ്പം യുവതാരം ക്രാന്തി ഗൗദിന്റെ ബൗളിംഗ് മികവുമാണ് ഇന്ത്യക്ക് പുത്തനുണര്‍വ് നല്‍കുന്നത്.

അതേസമയം, ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഈവര്‍ഷം അഞ്ച് സെഞ്ച്വറി നേടിയ ടസ്മിന്‍ ബ്രിറ്റ്‌സിന്റെ ബാറ്റിലേക്കാണ് ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുന്നത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റെയും മരിസാനേ കപ്പിന്റെയും പ്രകടനവും നിര്‍ണായകം. ഇരുടീമും ഏകദിനത്തില്‍ ഇതുവരെ ഏറ്റുമുട്ടിയത് 33 മത്സരങ്ങളില്‍. ഇന്ത്യ ഇരുപതിലും ദക്ഷിണാഫ്രിക്ക 12ലും ജയിച്ചു. ഒരുമത്സരം ഉപേക്ഷിച്ചു. അവസാനം നേര്‍ക്കുനേര്‍ വന്ന അഞ്ചിലും ജയിക്കാനായത് ഇന്ത്യന്‍ ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.


YouTube video player