ദില്ലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പരമ്പരയില്‍ താരം ഇതുവരെയുണ്ടാക്കിയ ഇംപാക്‌ട് പരിഗണിക്കുമ്പോള്‍ ഏകദിനത്തില്‍ വിരാട് കോലിയില്‍ നിന്ന് അത്ര അകലെയല്ലാത്ത സ്ഥാനം സ്‌‌മിത്തിനുണ്ട് എന്നാണ് ഗംഭീറിന്‍റെ വാക്കുകള്‍. 

'ഫോം കണ്ടെത്തിയെന്ന് സ്‌മിത്ത് പറഞ്ഞത് കൃത്യമാണ്. ഇന്ത്യക്കെതിരെ സ്‌മിത്ത് പാത കണ്ടെത്തികഴി‍ഞ്ഞു. എന്നാല്‍ ഇന്ത്യ അദേഹത്തിനെതിരെ ഒന്നും കണ്ടെത്തിയുമില്ല. രണ്ടാം ഏകദിനത്തില്‍ 18 ഓവറുകള്‍ക്കിടെയാണ് സ്‌മിത്ത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 20-ാം ഓവറിലാണ് അദേഹം ക്രിസീലിറങ്ങിയത്. 38-ാം ഓവറില്‍ 100 തികച്ചു. പന്ത് പഴകിയിരിക്കുന്ന, രണ്ട് സ്‌പിന്നര്‍മാരുള്ള ബാറ്റ് ചെയ്യാന്‍ ഏറ്റവും പ്രയാസമേറിയ സമയത്തായിരുന്നു ഈ സെഞ്ചുറി'. 

പവറാകാതെ പവര്‍പ്ലേ; ഇന്ത്യന്‍ ടീമിന് പാരയാകുന്നത് പവര്‍പ്ലേയിലെ വിക്കറ്റ് ദാരിദ്ര്യം

'സ്‌മിത്തിന്‍റേത് ക്ലാസ് ബാറ്റിംഗാണ്. ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാനാണോ? നമ്മള്‍ എപ്പോഴും വിരാട് കോലിയെ കുറിച്ച് സംസാരിക്കുന്നു. വിരാട് കോലിയില്‍ നിന്ന് ഏറെ അകലെയല്ല സ്‌മിത്ത്. 18 ഓവറിനിടെ സെഞ്ചുറി കണ്ടെത്തിയതും തുടര്‍ച്ചയായി രണ്ട് ശതകങ്ങള്‍ നേടിയതും ഒരു തമാശയല്ല. കോലിയാണ് എപ്പോഴും കണക്കുകളില്‍ മുന്നില്‍. ഇരുവരും തമ്മിലുള്ള സംഖ്യകളില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സ്‌മിത്തുണ്ടാക്കിയ പ്രതിഫലം അവിശ്വസനീയമാണ്' എന്നും ഗംഭീര്‍ പറഞ്ഞു. 

ആറാം ബൗളറുടെ അഭാവമല്ല ഇന്ത്യ നേരിടുന്ന പ്രശ്‌നം; വ്യക്തമാക്കി ആകാശ് ചോപ്ര

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് കളികളും ജയിച്ച് ഓസ്‌ട്രേലിയ ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനും രണ്ടാം മത്സരത്തില്‍ 51 റണ്‍സിനുമാണ് ആരോണ്‍ ഫിഞ്ചും സംഘവും ജയിച്ചത്. യഥാക്രമം 105, 104 എന്നിങ്ങനെ സ്‌കോര്‍ നേടിയ സ്‌റ്റീവ് സ്‌മിത്തായിരുന്നു രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ച്. 

ടി20ക്ക് പ്രഥമ പരിഗണന നല്‍കി ബിസിസിഐ; ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ വെട്ടിച്ചുരുക്കും