സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് വലംകൈയനായ സ്റ്റീവന്‍ സ്‌മിത്ത് വിശേഷിപ്പിക്കപ്പെടുന്നത്

സിഡ്‌നി: പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് താരത്തിന്‍റെ മാനേജർ. ദീര്‍ഘകാലമായി ഒന്നിച്ച് കളിക്കുന്ന ഓപ്പണര്‍ ഡേവിഡ് വാർണർ ഈ പരമ്പരയോടെ വിരമിക്കുന്നതിനാൽ സ്‌മിത്തും ടെസ്റ്റ് മത്സരങ്ങൾ മതിയാക്കുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനോടാണ് സ്മിത്തിന്‍റെ മാനേജർ വാറന്‍ ക്രെയ്‌ഗിന്‍റെ പ്രതികരണം. ഓസീസ് മുന്‍ നായകനായ 'സ്റ്റീവന്‍ സ്മിത്ത് പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷവും ടെസ്റ്റ് ക്രിക്കറ്റിൽ തുടരും. ടെസ്റ്റിൽ പതിനായിരം റൺസ് അടിച്ചുകൂട്ടുക സ്മിത്തിന്‍റെ ലക്ഷ്യമാണ്' എന്നും വാറൻ ക്രെയ്ഗ് വ്യക്തമാക്കി. 

സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് വലംകൈയനായ സ്റ്റീവന്‍ സ്‌മിത്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിക്കും മുകളില്‍ റെഡ് ബോളില്‍ സ്‌മിത്തിനെ പ്രതിഷ്ഠിക്കുന്നവര്‍ ഏറെ. 34 വയസുകാരനായ സ്മിത്ത് 102 ടെസ്റ്റുകളിലെ 181 ഇന്നിംഗ്‌സുകളില്‍ 32 സെഞ്ചുറികളോടെയും 39 അര്‍ധസെഞ്ചുറികളോടെയും 9320 റൺസ് ഇതിനകം നേടിയിട്ടുണ്ട്. നാല് ഇരട്ട സെഞ്ചുറിയും താരത്തിന് സ്വന്തം. ഏത് പിച്ചിലും സ്‌പിന്നിനും പേസിനുമെതിരെ റണ്‍സ് കണ്ടെത്താനുള്ള കെല്‍പ് സ്‌മിത്തിനുണ്ട്. 58.62 എന്ന മികച്ച ബാറ്റിംഗ് ശരാശരിയാണ് സ്‌മിത്തിന്‍റെ മറ്റൊരു സവിശേഷത. 2010ല്‍ ലോര്‍ഡ്‌സില്‍ പാകിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റീവ് സ്മിത്ത് തുടക്കകാലത്ത് ലെഗ്‌-സ്‌പിന്‍ ബൗളറായിരുന്നു. പിന്നീട് ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നമ്പര്‍ 1 ടെസ്റ്റ് ബാറ്ററായി സ്‌മിത്ത് മാറുന്ന കാഴ്‌ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 

അതേസമയം ഓസീസ് ഇടംകൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പാകിസ്ഥാനെതിരെ വരാനിരിക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 37കാരനായ വാര്‍ണര്‍ക്ക് 109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്‌സുകളില്‍ 25 സെഞ്ചുറിയും മൂന്ന് ഇരട്ട സെഞ്ചുറിയും 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍ 8487 റണ്‍സാണുള്ളത്. 2011ല്‍ ന്യൂസിലന്‍ഡിനെതിരെ ഗാബയിലായിരുന്നു ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര മികച്ച ഫോമിലല്ലാത്ത വാര്‍ണര്‍ ഉടന്‍ വിരമിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 2023 ഡിസംബര്‍ 14ന് പെര്‍ത്തിലാണ് ഓസ്ട്രേലിയ-പാകിസ്ഥാന്‍ ഒന്നാം ടെസ്റ്റ് തുടങ്ങുക. മെല്‍ബണില്‍ ഡിസംബര്‍ 26 മുതല്‍ രണ്ടാം ടെസ്റ്റും സിഡ്‌നിയില്‍ 2024 ജൂണ്‍ 3 മുതല്‍ പരമ്പരയിലെ അവസാന ടെസ്റ്റും തുടങ്ങും. 

Read more: ആരാധകരെ ശാന്തരാകുവിന്‍; കരിയറിലെ ഏറ്റവും വലിയ പ്രഖ്യാപനവുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍, വിരമിക്കുക ഇന്ത്യയില്‍