പേസര്‍മാരെ നേരിടുമ്പോള്‍ ഓരോ പന്തിലും ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് സഞ്ജു ബാറ്റിംഗ് ക്രീസില്‍ പിന്നിലേക്ക് പോകുന്നതിനെ കമന്‍റേറ്റര്‍മാര്‍ വിമര്‍ശിച്ചിരുന്നു.

വിശഖപട്ടണം: ന്യൂസിലന്‍ഡിനെതിരാ നാാലം ടി20യില്‍ സഞ്ജു പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗാവസ്കർ, സഞ്ജുവിന്‍റെ ഫൂട്ട് വർക്കിലെ പാളിച്ചകളാണ് വിക്കറ്റ് നഷ്ടപ്പെടാൻ പ്രധാന കാരണമെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജു പന്തിനടുത്തേക്ക് കാലുകൾ നീക്കുന്നില്ലെന്നും ക്രീസിൽ വെറുതെ നിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗാവസ്കർ പറഞ്ഞു.

മൂന്ന് സ്റ്റംപുകളും തുറന്നുകാട്ടി ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡിൽ സ്പേസ് ഉണ്ടാക്കി കളിക്കാൻ ശ്രമിക്കുമ്പോൾ സഞ്ജു തന്‍റെ മൂന്ന് സ്റ്റംപുകളും ബൗളർക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. ഈ പരമ്പരയിൽ ഇത് രണ്ടാം തവണയാണ് സഞ്ജു സമാനമായ രീതിയിൽ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതെന്നും, സ്പിന്നിനെതിരെ ഒരു ഫൂട്ട്‌വര്‍ക്കുമില്ലാതെ കളിക്കുന്നത് അപകടകരമാണെന്നും ഗാവസ്കർ ഓർമ്മിപ്പിച്ചു.

സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജു ക്രീസില്‍ നിന്ന് അനങ്ങുന്നതേയില്ല. ഇന്നലെ പന്ത് തിരിയുന്നുണ്ടോ എന്ന് പോലും സഞ്ജുവിന് ഉറപ്പില്ലായിരുന്നു. കാലുകൾ അനക്കാതെ ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഷോട്ടിന് ശ്രമിക്കുമ്പോൾ വിക്കറ്റ് ബൗളർക്ക് മുന്നിൽ തുറന്നുകൊടുക്കുകയാണ്. പന്ത് മിസ്സ് ചെയ്താൽ അത് വിക്കറ്റിൽ കൊള്ളുമെന്ന് ഉറപ്പാണ്- ഗവാസ്കര്‍ പറഞ്ഞു. പേസര്‍മാരെ നേരിടുമ്പോള്‍ ഓരോ പന്തിലും ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് സഞ്ജു ബാറ്റിംഗ് ക്രീസില്‍ പിന്നിലേക്ക് പോകുന്നതിനെ കമന്‍റേറ്റര്‍മാര്‍ വിമര്‍ശിച്ചിരുന്നു.സഞ്ജുവിന്‍റെ ബാറ്റിംഗില്‍ സാങ്കേതിക പിഴവുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും (10, 6, 0) പരാജയപ്പെട്ട സഞ്ജുവിന് ഈ 24 റൺസ് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ലോകകപ്പ് ഇലവനിലെ സ്ഥാനം ഇപ്പോഴും ചോദ്യചിഹ്നമാണ്. സഹ ഓപ്പണറായ അഭിഷേക് ശർമ തകർപ്പൻ പ്രകടനം തുടരുന്നത് സഞ്ജുവിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

വിശാഖപട്ടണത്തെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ പോലും മികച്ച സ്കോർ നേടാനാകാത്തത് സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരങ്ങളിൽ സഞ്ജുവിന് തന്‍റെ പിഴവുകൾ തിരുത്തി തിരിച്ചുവരാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക