ഇന്ത്യൻ സീനിയര്‍ ടീമില്‍ ഇതുവരെ കളിക്കാത്ത താരങ്ങളെയും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിക്കാത്ത താരങ്ങളെയുമാണ് അണ്‍ക്യാപ്ഡ് താരങ്ങളായി ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് നിലനിര്‍ത്താനാകുക.

മുംബൈ: ഐപിഎല്ലിൽ ഒരു കളിക്കാരനെ അണ്‍ ക്യാപ്ഡ് പ്ലേയറായി നിലനിര്‍ത്താനുള്ള നിയമത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന് ധോണിയെ ഉയര്‍ന്ന തുകയ്ക്ക് നിലനിര്‍ത്താനായി അണ്‍ ക്യാപ്‌ഡ് പ്ലേയർ നിയമത്തില്‍ ബിസിസിഐ വെള്ളം ചേര്‍ത്തുവെന്ന് സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തിൽ ഗവാസ്കര്‍ വിമര്‍ശിച്ചു. നാലു കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ അണ്‍ ക്യാപ്ഡ് താരമായി ധോണിയെ നിലനിര്‍ത്തിയത്.

ഇന്ത്യൻ സീനിയര്‍ ടീമില്‍ ഇതുവരെ കളിക്കാത്ത താരങ്ങളെയും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിക്കാത്ത താരങ്ങളെയുമാണ് അണ്‍ക്യാപ്ഡ് താരങ്ങളായി ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് നിലനിര്‍ത്താനാകുക. ഇവര്‍ക്ക് കുറഞ്ഞത് നാലു കോടി രൂപയാണ് ടീമുകള്‍ മുടക്കേണ്ടത്. എന്നാല്‍ ഇന്ത്യക്കായി ഇതുവരെ കളിക്കാത്ത യുവതാരങ്ങളെ നാലു കോടി രൂപ മുടക്കി അണ്‍ ക്യാപ്ഡ് താരങ്ങളായി നിലനിര്‍ത്തുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ഗവാസ്കര്‍ പറഞ്ഞു. അണ്‍ ക്യാപ്ഡ് താരമായി നാലു കോടി രൂപക്ക് നിലനിര്‍ത്തുന്ന പലതാരങ്ങള്‍ക്കും അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ പണം ലഭിക്കുന്നതോടെ അവര്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ മാഞ്ഞുപോകുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. ടീമുകൾക്ക് ഇത്രയും തുക മുടക്കുന്നത് ഒരു പ്രശ്നമായിരിക്കില്ല. എന്നാല്‍ അത് ഇന്ത്യൻ ക്രിക്കറ്റിനെയാണ് ദോഷകരമായി ബാധിക്കുന്നത്.

പെട്ടെന്ന് കോടിപതികളാകുന്ന പലതാരങ്ങളും പിന്നീട് പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കോടിപതികളാകുന്ന പലരും പിന്നീട് ക്രിക്കറ്റില്‍ ഒന്നുമല്ലാതായി പോകുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇന്ന് പ്രമുഖതാരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്ന പലതാരങ്ങളും സ്വപ്നം കാണാന്‍ പോലും കഴിയാത്ത സൗഭാഗ്യങ്ങളാണ് സ്വന്തമാക്കുന്നത്. അവരവരുടെ സംസ്ഥാന ടീമുകളിലെ 30 പേരുടെ സാധ്യതാ ടീമില്‍ പോലും എത്താന്‍ കഴിയാത്തവരാണ് ഇവരില്‍ പലരും.

എം എസ് ധോണിയെ ഉയര്‍ന്ന തുകയ്ക്ക് നിലനിർത്താനായാണ് നാലു കോടി രൂപയെന്ന ഉയര്‍ന്ന തുക അണ്‍ ക്യാപ്‍ഡ് താരങ്ങള്‍ക്കായി വെച്ചതെന്നും ഗവാസ്കര്‍ പറഞ്ഞു. എന്നാല്‍ 2022 ലെ മെഗാ താരലേലത്തിന് മുന്നോടിയായാണ് അണ്‍ ക്യാപ്ഡ് പ്ലേയറെ നിലനിര്‍ത്താന്‍ നാലു കോടി രൂപ മുടക്കണമെന്ന നിബന്ധന ബിസിസിഐ കൊണ്ടുവന്നത് എന്നതാണ് വസ്തുത. എം എസ് ധോണിക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മയും ഈ സീസണില്‍ ഇത്തരത്തില്‍ നാലു കോടി രൂപക്ക് നിലനിര്‍ത്തിയ താരമാണ്. ഈ സീസണില്‍ 10 ടീമുകളിലായി 12 കളിക്കാരെയാണ് അണ്‍ ക്യാപ്ഡ് താരങ്ങളായി മെഗാ താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. ഇതില്‍ 5.50 കോടി രൂപക്ക് പഞ്ചാബ് നിലനിര്‍ത്തിയ 33കാരന്‍ ശശാങ്ക് സിംഗിനാണ് അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക