12 കളിക്കാരുള്ള ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മുംബൈ: ഈ ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്. ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലാണ് ഈ സീസൺ ഐപിഎല്ലിലെ പ്രടനങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്ലോപ്പ് ഇലവനെ പ്രഖ്യാപിച്ചത്. ഇംപാക്ട് പ്ലേയര്‍ അടക്കമുള്ള പ്ലേയിംഗ് ടീമിനെയാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് രസകരമായ കാര്യം. ഐപിഎല്ലിലെ വഞ്ചകരുടെയും തട്ടിപ്പുകാരുടെയും ടീം എന്ന വിശേഷണത്തോടെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

12 കളിക്കാരുള്ള ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ ടീമില്‍ നിന്ന് അഞ്ച് പേരാണ് ഫ്ലോപ്പ് ഇലവനില്‍ ഇടം നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്ന് രണ്ട് പേരും ഡല്‍ഹി, പഞ്ചാബ്, ബെംഗളൂരു, കൊല്‍ക്കത്ത, ലക്നൗ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഫ്ലോപ്പ് ഇലവനില്‍ ഇടം നേടി.

ഐപിഎല്ലിലെ വില കൂടിയ താരമായ റിഷഭ് പന്താണ് ടീമിന്‍റെ നായകനും വിക്കറ്റ് കീപ്പറും. 27 കോടി രൂപക്ക് ലക്നൗ ടീമിലെത്തിയ റിഷഭ് പന്ത് സീസണിലാകെ നേടിയത് 128 റണ്‍സ് മാത്രമാണ്. 23.75 കോടി രൂപക്ക് കൊല്‍ക്കത്ത നിലനിര്‍ത്തിയ വെങ്കടേഷ് അയ്യരും ഫ്ലോപ്പ് ഇലവനിലുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രാഹുല്‍ ത്രിപാഠിയും രചിന്‍ രവീന്ദ്രയുമാണ് ഫ്ലോപ്പ് ഇലവന്‍റെ ഓപ്പണര്‍മാര്‍. ഇഷാന്‍ കിഷനും റിഷഭ് പന്തും ചേരുന്നതാണ് ടോപ് ഫോര്‍. വെങ്കടേഷ് അയ്യരും ഗ്ലെന്‍ മാക്സ്‌വെല്ലും ലിയാം ലിവിംഗ്‌സ്റ്റണുമാണ് മധ്യനിരയിലുള്ളത്. ദീപക് ഹൂഡയാണ് ടീമിന്‍റെ ഫിനിഷര്‍.

Scroll to load tweet…

ചെന്നൈയുടെ ആര്‍ അശ്വിനാണ് സ്പിന്നറായി ടീമിലെത്തിയത്. പേസര്‍മാരായ ചെന്നൈയുടെ തന്നെ മതീഷ പതിരാനയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മുഹമ്മദ് ഷമിയും ടീമിലെത്തിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുകേഷ് കുമാറാണ് ഇംപാക്ട് പ്ലേയര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക