സീസണിലെ എമര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുത്തത് ഹൈദരാബാദിന്റെ യുവ ഓള്‍ റൗണ്ടര്‍ നിതീഷ് റെഡ്ഡിയെ. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന് അഭിഷേക് ശര്‍മയ്ക്കും ബൗണ്ടറികള്‍ പായിച്ച ട്രാവിസ് ഹെഡിനും അംഗീകാരം.

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിലെ മികച്ച താരമായി സുനില്‍ നരെയ്ന്‍. കൊല്‍ക്കത്തയെ കിരീട ജേതാക്കളാക്കുന്നതില്‍ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തതാണ് സുനില്‍ നരെയ്‌ന് നേട്ടമായത്. മികച്ച താരം മാത്രമല്ല ഈ സീസണിലെ ഫാന്റസി പ്ലെയറും നരെയ്ന്‍ തന്നെ. പൊതുവെ സ്പിന്നറായിട്ടാണ് നരെയ്ന്‍ അറിയപ്പെടുന്നത്. 15 മത്സരങ്ങളില്‍ 17 വിക്കറ്റെടുക്കാന്‍ നരെയ്‌നായി. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തുണ്ട് നരെയ്ന്‍. 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 21.64 ശരാശരിയാണ് നേട്ടം. റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തുണ്ട് നരെയ്ന്‍. 15 മത്സരങ്ങളില്‍ നേടിയത് 488 റണ്‍സ്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറി ഒരു സെഞ്ചുറിയും നരെയ്ന്‍ സ്വന്തമാക്കി.

ഈ സീസണിലെ എമര്‍ജിംഗ് പ്ലെയറായി തെരഞ്ഞെടുത്തത് ഹൈദരാബാദിന്റെ യുവ ഓള്‍ റൗണ്ടര്‍ നിതീഷ് റെഡ്ഡിയെ. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന് അഭിഷേക് ശര്‍മയ്ക്കും ബൗണ്ടറികള്‍ പായിച്ച ട്രാവിസ് ഹെഡിനും അംഗീകാരം. ഈ സീസണില്‍ മികച്ച ക്യാച്ചെടുത്ത താരം കൊല്‍ക്കത്തയുടെ രമന്‍ദീപ് സിംഗാണ്. മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരം ഡല്‍ഹിയുടെ ജേക്ക് ഫ്രേസര്‍. മികച്ച പിച്ച് ഒരുക്കിയ സ്റ്റേഡിയത്തിനും ഫെയര്‍പ്ലേ അവാര്‍ഡും ഹൈദരാബാദിന് ലഭിച്ചു. റണ്ണറപ്പുകളായ ഹൈദരാബാദിന് ലഭിച്ചത് 12.5 കോടി രൂപ. മൂന്നാം കിരീടം ചൂടിയ കൊല്‍ക്കത്തയ്ക്കുള്ള സമ്മാന തുക 20 കോടി.

ആര്‍ക്കും തടയാന്‍ പോലും പറ്റാത്ത രീതിയില്‍ ഇരുപ്പുറപ്പിച്ച് ഗംഭീര്‍! അടുത്ത സ്റ്റോപ്പ് ഇന്ത്യന്‍ ടീമില്‍?

അതേസമയം, 741 റണ്‍സെടുത്ത ആര്‍സിബിയുടെ വിരാട് കോലി ഓറഞ്ച് ക്യാപും 24 വിക്കറ്റെടുത്ത പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍ പര്‍പിള്‍ ക്യാപും സ്വന്തമാക്കി. റണ്‍വേട്ടയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആര്‍സിബിയുടെ വിരാട് കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 741 റണ്‍സാണ് സമ്പാദ്യം. ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം തവണ ഓറഞ്ച് ക്യാപ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. പര്‍പ്പിള്‍ ക്യാപിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പഞ്ചാബിന്റെ ഹര്‍ഷല്‍ പട്ടേല്‍. നേട്ടം 24 വിക്കറ്റിന്.