ഇരു ടീമുകളും താരകൈമാറ്റത്തിന് പരസ്പര ധാരണയിലെത്തിയെന്നും ഷമിയുടെ കൂടി സമ്മതത്തിനായാണ് കാത്തിരിക്കുന്നതെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈദരാബാദ്: ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് പേസര്‍ മുഹമ്മദ് ഷമിയെ കൈവിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്. റിഷഭ് പന്ത് നായകനായ ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് 10 കോടി രൂപ നല്‍കി ഷമിയെ ടീമിലെത്തിച്ചതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 10 കോടി രൂപക്കായിരുന്നു ഹൈദരാബാദ് ഷമിയെ ടീമിലെത്തിച്ചത്. ഇരു ടീമുകളും താരകൈമാറ്റത്തിന് പരസ്പര ധാരണയിലെത്തിയെന്നും ഷമിയുടെ കൂടി സമ്മതത്തിനായാണ് കാത്തിരിക്കുന്നതെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ വൈകിട്ട് 3നു വരെയാണ് പരസ്പര ധാരണയോടെ കളിക്കാരെ കൈമാറാനുള്ള സമയം ബിസിസിഐ ടീമുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം നിലനിര്‍ത്തിയ താരങ്ങളും കൈമാറിയ താരങ്ങളുമൊഴികെയുള്ളവര്‍ അടുത്ത മാസം നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കേണ്ടിവരും.

ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച 35കാരനായ ഷമിയെ പിന്നീട് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.ഫിറ്റ്നെസില്ലാത്തതുകൊണ്ടാണ് ഷമിയെ പരിഗണിക്കാത്തതെന്ന് ചാഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയെങ്കിലും രഞ്ജി ട്രോഫിയില്‍ മൂന്ന് മത്സരങ്ങളില്‍ ബംഗാളിനായി കളിക്കുകയും 15 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടും ഷമിയെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചില്ല. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ ഷമി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അഗാര്‍ക്കര്‍ പരസ്യ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 2022-24 സീസണില്‍ ഗുജറാത്തിന്‍റെ താരമായിരുന്ന ഷമിയെ കഴിഞ്ഞ സീസണിലെ മെഗാ താരലേലത്തിലാണ് ഹൈദരാബാദ് 10 കോടിക്ക് സ്വന്തമാക്കിയത്.

2023 ഐപിഎല്ലില്‍ ഗുജറാത്തിനായി 28 വിക്കറ്റെടുത്ത ഷമിക്ക് പക്ഷെ പരിക്കുമൂലം 2024ലെ ഐപിഎല്ലില്‍ കളിക്കാനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങളില്‍ പന്തെറിഞ്ഞ ഷമിക്ക് അഞ്ച് വിക്കറ്റ് മാത്രമാണ് വീഴ്ത്താനയത്. ബൗളിംഗ് ഇക്കോണമിയാകട്ടെ 10.3 ആയിരുന്നു. ഇതോടെയാണ് ഇന്ത്യൻ പേസറെ കൈവിടാന്‍ ഹൈദരാബാദ് തീരുമാനിച്ചത്. ലക്നൗവില്‍ മുന്‍ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുണിന്‍റെ കീഴിലാവും ഷമിക്ക് കളിക്കേണ്ടിവരിക. ഷമിയുടെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനാണ് ഭരത് അരുണ്‍.

ആവേശ് ഖാന്‍, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ് എന്നിവരാണ് ലക്നൗവിന്‍റെ ഇന്ത്യൻ പേസ് നിരയിലുള്ളത്. ഇവര്‍ മൂന്നുപേരും ഇപ്പോൾ പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണെ സ്വന്തമാക്കി പകരം രവീന്ദ്ര ജഡജേയെയും സാം കറനെയും വിട്ടുകൊടുത്ത ചെന്നൈയുടെ ട്രേഡിനുശേഷം ഐപിഎല്ലില്‍ ഇത്തവണ നടക്കുന്ന രണ്ടാമത്തെ വലിയ താര കൈമാറ്റമാണ് ഷമിയുടേത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക