ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഗുർനൂർ ബ്രാറിനെ ഉൾപ്പെടുത്തി. സ്പിന്നർ കുൽദീപ് യാദവിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനായി ടീമിൽ നിന്ന് ഒഴിവാക്കി.
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസാന നിമിഷം നിർണ്ണായക മാറ്റം.പേസ് ബൗളര്‍ ഗുർനൂർ ബ്രാറിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ, സ്പിന്നർ കുൽദീപ് യാദവിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനായി ടീമിൽ നിന്ന് ഒഴിവാക്കി. നിലവിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബ്രാറിന് തുണയായതെങ്കിൽ, നാലാം ഏകദിനത്തിലെ നിരാശാജനകമായ ബൗളിംഗാണ് കുൽദീപിന് തിരിച്ചടിയായത്.
ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് 26-കാരനായ ഗുർനൂർ ബ്രാർ. മൂന്ന് മത്സരങ്ങളിൽ നിന്ന് 15.89 ശരാശരിയിൽ ഒൻപത് വിക്കറ്റുകളാണ് ബ്രാര്‍ വീഴ്ത്തിയത്. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ബ്രാറിന്റെ മികച്ച പ്രകടനം. കുറഞ്ഞ സ്കോർ പ്രതിരോധിച്ച ഇന്ത്യയ്ക്ക് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിന്റെ വിജയം നേടിക്കൊടുക്കുന്നതിൽ ഈ പ്രകടനം നിർണ്ണായകമായി.മൗണ്ട് മൗംഗനൂയിയിൽ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യൻ വമ്പൻ തോല്‍വി വഴങ്ങിയെങ്കിലും 10 ഓവറിൽ 69 റൺസ് വഴങ്ങി ബ്രാർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു.
ടെസ്റ്റ് ടീമിനൊപ്പം ചേരുന്നതിനാൽ ഞായറാഴ്ച നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബ്രാർ കളിക്കില്ല. ഏകദിന ടീമിൽ ഗുര്‍നൂറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, നവംബർ 19-ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് വെല്ലിംഗ്ടണിൽ ടീമിനൊപ്പം ചേർന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അനിശ്ചിതത്വത്തിന് പിന്നാലെയാണ് കുൽദീപ് യാദവിനെ ടെസ്റ്റ് സ്ക്വാഡിൽ നിന്നും ഒഴിവാക്കുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളിലും പുറത്തിരുന്ന കുൽദീപിന് നാലാം മത്സരത്തിലാണ് അവസരം ലഭിച്ചത്. എന്നാൽ എട്ട് ഓവറിൽ വിക്കറ്റൊന്നും നേടാതെ 73 റൺസാണ് കുല്‍ദീപ് വഴങ്ങിയത്.
2026-ൽ രണ്ട് ടെസ്റ്റുകൾ കളിച്ച കുൽദീപ് 41.25 ശരാശരിയിൽ നാല് വിക്കറ്റുകൾ മാത്രമാണ് നേടിയത് എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ മത്സരപരിചയം നേടുന്നതിന് വേണ്ടിയാണ് താരത്തെ റിലീസ് ചെയ്തതെന്നും, ടെസ്റ്റ് പദ്ധതികളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതല്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള ഗുർനൂർ ബ്രാറിന്റെ രണ്ടാം വിളിയാണിത്. ഈ വർഷം ആദ്യം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലൻഡ് പരമ്പരയിൽ പ്ലേയിംഗ് ഇലവനിൽ ഇടംനേടാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
ഗുര്‍നൂര്‍ ബ്രാറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോർഡുണ്ട്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 26.41 ശരാശരിയിൽ 71 വിക്കറ്റുകളാണ് ഗുര്‍നൂറിന്റെ സമ്പാദ്യം. ന്യൂസിലൻഡിലെ പേസ് അനുകൂല പിച്ചുകളിൽ ഗുര്‍നൂര്‍ ബ്രാറിന്റെ റെഡ്-ബോൾ പരിചയം ഇന്ത്യയ്ക്ക് കരുത്താകും. നവംബർ 19-ന് വെല്ലിംഗ്ടണിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബർ 27-ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ.












