2021ല്‍ 26 ഇന്നിംഗ്സില്‍ നിന്ന് റിസ്‍വാന്‍ 1326 റണ്‍സാണ് സ്വന്തമാക്കിയത്. ട്വന്‍റി 20 ലോകകപ്പില്‍ സിംബാബ്‍വെയ്ക്കെതിരെയുള്ള മിന്നുന്ന അര്‍ധ സെഞ്ചുറിയോടെയാണ് സൂര്യ ആയിരം ക്ലബ്ബിലേക്ക് അടിച്ച് കയറിയത്

മെല്‍ബണ്‍: ട്വന്‍റി 20 ക്രിക്കറ്റില്‍ ഇതുവരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന വമ്പന്‍ നേട്ടം പേരിലെഴുതി സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ 'മിസ്റ്റര്‍ 360' എന്ന് വിളിക്കപ്പെടുന്ന സൂര്യ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്‍റി 20യില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാനായാണ് മാറിയിരിക്കുന്നത്. ലോകത്ത് തന്നെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റര്‍ മാത്രമാണ് സൂര്യ. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‍വാനാണ് ആദ്യമായി ഈ നേട്ടം പേരിലെഴുതിയത്.

2021ല്‍ 26 ഇന്നിംഗ്സില്‍ നിന്ന് റിസ്‍വാന്‍ 1326 റണ്‍സാണ് സ്വന്തമാക്കിയത്. ട്വന്‍റി 20 ലോകകപ്പില്‍ സിംബാബ്‍വെയ്ക്കെതിരെയുള്ള മിന്നുന്ന അര്‍ധ സെഞ്ചുറിയോടെയാണ് സൂര്യ ആയിരം ക്ലബ്ബിലേക്ക് അടിച്ച് കയറിയത്. 25 പന്തില്‍ ആറ് ഫോറും നാല് സിക്സും പായിച്ചാണ് സൂര്യ 61 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യക്കായി മികച്ച പ്രകടനം തുടരുന്ന സൂര്യ 183.4 പ്രഹരശേഷിയിലാണ് 1002 റണ്‍സ് ഈ വര്‍ഷം അടിച്ചെടുത്തത്. ഈ പ്രഹര ശേഷി തന്നെയാണ് സൂര്യയെ മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തനാക്കുന്നത്.

ഈ വര്‍ഷം റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള റിസ്‍വാന്‍റെ പ്രഹരശേഷി 122.9 മാത്രമാണ്. റിസ്‍വാന് ഇതുവരെ 924 റണ്‍സുണ്ട്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ വിരാട് കോലിയുണ്ട്. 139 പ്രഹരശേഷിയില്‍ കോലി 731 റണ്‍സാണ് ഇതുവരെ കിംഗ് കോലി അടിച്ച് കൂട്ടിയത്. ശ്രീലങ്കയുടെ നിസങ്ക, സിംബാബ്‍വെയുടെ സിക്കന്ദര്‍ റാസ എന്നിവരാണ് തൊട്ട് പിന്നിലുള്ളത്. ട്വന്‍റി 20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ സൂര്യ ഐസിസി റാങ്കിംഗിലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചില്‍ രാജ്യാന്തര ടി20യില്‍ അരങ്ങേറി ചുരുങ്ങിയ കാലയളവുകൊണ്ടാണ് സൂര്യകുമാർ യാദവ് ലോകത്തെ നമ്പർ വണ്‍ ബാറ്ററായി മാറിയത്. 

സിംംബാബ്‌വെക്കെതിരെ കൂറ്റന്‍ ജയം, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; പാക്- കിവീസ് ഒന്നാം സെമി