ഇന്ത്യൻ ടി20 ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി സൂര്യകുമാർ യാദവ്. പുതിയ ടീമിന് ആശംസകൾ നേർന്ന അദ്ദേഹം, ടീമിലിടം നേടിയ 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രത്യേകം പ്രശംസിച്ചു. മോശം ഐപിഎൽ ഫോമും സെലക്ടർമാരുടെ പുതിയ തീരുമാനങ്ങളുമാണ് സൂര്യകുമാറിന് ടീമിലെ സ്ഥാനവും ക്യാപ്റ്റൻസിയും നഷ്ടമാക്കിയത്.

മുംബൈ: ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രഖ്യാപിച്ച ടീമിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച സൂര്യകുമാര്‍, ടീമിലിടം നേടിയ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അടുത്ത ഐസിസി ടൂര്‍ണമെന്റുകള്‍ ലക്ഷ്യമിട്ട് ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെ സൂര്യകുമാറിന് ടീമിലെ സ്ഥാനവും ക്യാപ്റ്റന്‍സിയും നഷ്ടമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പുതിയ ടീമിന് ആശംസകള്‍ നേര്‍ന്നത്. ''വളരെ പ്രതിഭയുള്ള ഈ ടീമിന് വരാനിരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവിധ ആശംസകളും നേരുന്നു.'' സൂര്യകുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ സഹായിച്ച് വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സൂര്യകുമാറിന് ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ ഇടവും ഒരുമിച്ച് നഷ്ടമാകുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണ് സൂര്യകുമാറിന് തിരിച്ചടിയായത്.

Scroll to load tweet…

സീസണിലെ 13 ഇന്നിംഗ്‌സുകളില്‍ നിന്ന് 20.76 ശരാശരിയിലും 147.54 സ്‌ട്രൈക്ക് റേറ്റിലും വെറും 270 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഭാവിയിലേക്ക് ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കുക എന്ന സെലക്ടര്‍മാരുടെ തീരുമാനവുമാണ് സൂര്യകുമാറിനെ പുറത്താക്കാന്‍ കാരണം. യുകെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ശ്രേയസ് അയ്യരായിരിക്കും പുതിയ ലുക്കിലുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുക.

വൈഭവിന് സൂര്യകുമാറിന്റെ വക കയ്യടി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ അവിശ്വസനീയ പ്രകടനമാണ് വെറും 15 വയസ്സുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. 2026 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 237.31 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. സീസണില്‍ ഒരു റെക്കോര്‍ഡ് നേട്ടമായി 72 സിക്‌സറുകള്‍ പറത്തിയ വൈഭവ് ഓറഞ്ച് ക്യാപ്, എമേര്‍ജിംഗ് പ്ലെയര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. 'നീ ഇത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു. വരാനിരിക്കുന്ന ക്രിക്കറ്റ് യാത്ര കാണാന്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്.' വൈഭവിനെ ടാഗ് ചെയ്തുകൊണ്ട് സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player