മൂന്നാം മത്സരത്തില്‍ ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് കളി ജയിച്ചശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. പകരക്കാരായി വന്നവരെല്ലാം മൂന്നാം മത്സരത്തില്‍ മികവ് കാട്ടിയെന്നും സൂര്യ മത്സരശേഷം ആദം ഗില്‍ക്രിസ്റ്റിനോട് സംസാരിക്കവെ വ്യക്തമാക്കി.

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ജയവുമായി പരമ്പരയില്‍ സമനില പിടിച്ചതോടെ നാലാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരാനുള്ള സാധ്യത മങ്ങുന്നു. വ്യാഴാഴ്ച ഗോള്‍ഡ് കോസ്റ്റിലെ ബില്‍ പിപ്പന്‍ ഓവലിലാണ് ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ നാലാം ടി20യില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. ഈ സാഹചര്യത്തില്‍ നാലാം മത്സരത്തില്‍ ഇന്ത്യ ജയിച്ച ടീമിനെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മൂന്നാം ടി20 ജയിച്ച ശേഷം ക്യാപ്റ്റൻ സൂര്യകുമാറിന്‍റെ വാക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

മൂന്നാം മത്സരത്തില്‍ ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് കളി ജയിച്ചശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. പകരക്കാരായി വന്നവരെല്ലാം മൂന്നാം മത്സരത്തില്‍ മികവ് കാട്ടിയെന്നും സൂര്യ മത്സരശേഷം ആദം ഗില്‍ക്രിസ്റ്റിനോട് സംസാരിക്കവെ വ്യക്തമാക്കി. തുടര്‍ച്ചയായി 19-20 ടോസുകള്‍ തോറ്റശേഷം ഒരു ടോസ് ജയിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ സൂര്യകുമാര്‍ മൂന്നാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ വരുത്തിയ മൂന്ന് മാറ്റങ്ങളും ശരിയായിരുന്നുവെന്നും പകരക്കാരായി എത്തിയ മൂന്ന് താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഇതോടെ പകരക്കാരായി ടീമിലെത്തിയ അര്‍ഷ്ദീപ് സിംഗിനും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും വാഷിംഗ്ടണ്‍ സുന്ദറിനും വരും മത്സരങ്ങളിലും അവസരം കിട്ടുമെന്നുറപ്പായി. ഇതോടെ മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും ഇനിയുള്ള കളികളിലും പുറത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് സൂര്യകുമാര്‍ നല്‍കുന്നത്. ടീമില്‍ അവസരമില്ലാതിരുന്നപ്പോഴും പകരക്കാരായി എത്തിയ മൂന്ന് താരങ്ങളും കഠിനമായി പരിശീലനം തുടര‍ുന്നുണ്ടായിരുന്നുവെന്നും അവര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു.

ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനുള്ള വഴക്കം വാഷിംഗ്ടൺ സുന്ദര്‍ പുറത്തെടുത്തപ്പോള്‍ ജിതേഷും അര്‍ഷ്ദീപും മികവ് കാട്ടി. അര്‍ഷ്ദീപും ജസ്പ്രീത് ബുമ്രയും ചേര്‍ന്ന ബൗളിംഗ് സഖ്യം ഓപ്പണിംഗില്‍ അഭിഷേക് ശര്‍മ-ശുഭ്മാൻ ഗില്‍ സഖ്യത്തെപ്പോലെ അപകടകാരികളാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക