മാർച്ചില്‍ നടന്ന ബോർഡർ- ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം താരം ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ഇനിയും വ്യക്തത വരാതെ ശ്രേയസ് അയ്യരുടെ കാര്യം. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഏറെക്കാലമായി പരിശീലനത്തിലാണെങ്കിലും താരം ഏഷ്യാ കപ്പ് കളിക്കാന്‍ ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തത് ടീമിന് ആശ്വാസമാണ്.
മാർച്ചില്‍ നടന്ന ബോർഡർ- ഗവാസ്കർ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം ശ്രേയസ് അയ്യർ ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. മാസങ്ങളായി എന്‍സിഎയില്‍ പരിശീലനത്തിലാണ് താരം. ലണ്ടനില്‍ വച്ച് ശ്രേയസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അയർലന്‍ഡിനതിരെ ആരംഭിച്ചിരിക്കുന്ന ട്വന്‍റി 20 പരമ്പരയിലൂടെ താരം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും മടങ്ങിവരവ് നീട്ടുകയായിരുന്നു. പൂർണ ഫിറ്റനസ് വീണ്ടെടുക്കാന്‍ ശ്രേയസിന് കുറച്ചുകൂടി സമയം വേണമെന്നാണ് എന്‍സിഎ പരിശീലകരുടെ അനുമാനം. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരുന്ന 21-ാം തിയതി പ്രഖ്യാപിക്കാനിരിക്കേ ടൂർണമെന്‍റില്‍ ശ്രേയസ് അയ്യരുടെ പങ്കാളിത്തം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ഏകദിന ലോകകപ്പ് ടീമിനെ ഉറപ്പിക്കാനുള്ള നിർണായക സമയം കൂടിയാണ് ഏഷ്യാ കപ്പ്.
ശ്രേയസ് അയ്യർ ശാരീരികക്ഷമത വീണ്ടെടുത്ത് വരുന്നതായി ബിസിസിഐ മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഏഷ്യാ കപ്പില്‍ കളിക്കുമോ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഏകദിന ഫോർമാറ്റില്‍ നാലാം നമ്പറിലെ ബാറ്ററായ ശ്രേയസിന് 50 ഓവർ ക്രിക്കറ്റില്‍ 38 ഇന്നിംഗ്സുകളില്‍ 46.6 ശരാശരിയിലും 96.51 സ്ട്രൈക്ക് റേറ്റിലും 1631 റണ്‍സുണ്ട്. ഇതില്‍ രണ്ട് സെഞ്ചുറിയും 14 ഫിഫ്റ്റിയും ഉള്‍പ്പെടുന്നു. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ പാകിസ്ഥാന് എതിരെയാണ് ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പിന് മുമ്പ് മറ്റൊരു മധ്യനിര ബാറ്റർ കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്.
Read more: സഞ്ജു സാംസണ്‍ പുറത്താകുമോ? പരമ്പര ജയിക്കാന്‍ ഇന്ത്യ; രണ്ടാം ട്വന്‍റി 20യിലെ സാധ്യതാ ഇലവന്‍
