10 ഓവറില്‍ 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപ് ഡെവാള്‍ഡ് ബ്രെവിസിന്‍റെയും മാര്‍ക്കോ യാന്‍സന്‍റെയും കോര്‍ബിന്‍ ബോശിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചിരുന്നു.
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത് കുല്‍ദീപ് യാദവായിരുന്നു. 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപ് ഡെവാള്‍ഡ് ബ്രെവിസിന്‍റെയും മാര്‍ക്കോ യാന്‍സന്‍റെയും കോര്‍ബിന്‍ ബോശിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചിരുന്നു.
43-ാം ഓവറില്‍ കോര്‍ബിന്‍ ബോഷിനെ കുല്‍ദീപ് പുറത്താക്കിയതോടെ ലുങ്കി എന്‍ഗിഡിയായിരുന്നു ദക്ഷിണാഫ്രിക്കക്കായി ക്രീസിലിറങ്ങിയത്. തന്‍റെ ചൈനാമാന്‍ സ്പിന്‍ കൊണ്ട് വാലറ്റക്കാരനായ എന്‍ഗിഡിയെ വെള്ളംകുടിപ്പിച്ച കുല്‍ദീപ് പലവട്ടം വിക്കറ്റിന് അടുത്തെത്തി. ഇതിനിടെ എന്‍ഗിഡിയുടെ പാഡില്‍ കൊണ്ട പന്തില്‍ കുല്‍ദീപ് എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ അപ്പീല്‍ നിരസിച്ചതോടെ ക്യാപ്റ്റൻ കെ എല്‍ രാഹുലിനോട് റിവ്യു എടുക്കാന്‍ വേണ്ടി കുല്‍ദീപ് കെഞ്ചി പറഞ്ഞു.
എന്നാല്‍ രാഹുല്‍ റിവ്യു എടുക്കാന്‍ തയാറായില്ല. എന്നിട്ടും റിവ്യു എടുക്കണമെന്ന് ശാഠ്യം പിടിച്ച കുല്‍ദീപിനോട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുന്‍ നായകന്‍ രോഹിത് ശര്‍മ ചിരിച്ചുകൊണ്ട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ മനസില്ലാ മനസോടെ കുല്‍ദീപ് തിരിച്ചു നടന്നു. എന്നാല്‍ പിന്നീട് കുല്‍ദീപ് തന്നെ എന്‍ഗിഡിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു.
മത്സരശേഷം സംസാരിക്കവെ റിവ്യു എടുക്കുന്ന കാര്യത്തില്‍ താന്‍ പിന്നിലാണെന്നും പാഡില്‍ കൊണ്ട പന്തുകളെല്ലാം ഔട്ടാണെന്ന് കരുതി പലപ്പോഴും താന്‍ റിവ്യു എടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും കുല്‍ദീപ് പറഞ്ഞു. എന്നാല്‍ രോഹിത് റിവ്യു എടുക്കുന്നു കാര്യത്തില്‍ മിടുക്കനായതിനാല്‍ പലപ്പോഴും രക്ഷപ്പെട്ടിട്ടുണ്ടെന്നും കുല്‍ദീപ് തമാശയായി പറഞ്ഞു. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്‍റണ്‍ ഡി കോക്കിന്‍റെ സെഞ്ചുറി കരുത്തില്‍ 270 റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപിന് പുറമെ പ്രസിദ്ധ് കൃഷ്ണയും നാലു വിക്കറ്റെടുത്തു.


