അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യ ബൗളര്‍ എന്ന നേട്ടത്തിലേക്ക് രണ്ട് വിക്കറ്റിന്‍റെ മാത്രം അകലത്തിലാണ് ജസ്‌പ്രീത് ബുമ്ര.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌‌കോട്‌ലന്‍ഡിനെതിരായ മത്സരം(IND vs SCO) ടീം ഇന്ത്യക്ക്(Team India) അതിനിര്‍ണായകമാണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ മത്സരത്തില്‍ വമ്പന്‍ മാര്‍ജിനുള്ള ജയം വിരാട് കോലിക്കും(Virat Kohli) സംഘത്തിനും അനിവാര്യം. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര(Jasprit Bumrah) രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സുപ്രധാന നാഴികക്കല്ല് പിന്നിടുമോ എന്നതും മത്സരത്തെ ആകര്‍ഷകമാകുന്നു. 

അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യ ബൗളര്‍ എന്ന നേട്ടത്തിലേക്ക് രണ്ട് വിക്കറ്റിന്‍റെ മാത്രം അകലത്തിലാണ് ജസ്‌പ്രീത് ബുമ്ര. 49 മത്സരങ്ങളില്‍ 63 വിക്കറ്റ് നേടിയിട്ടുള്ള സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനേയാണ് ബുമ്രക്ക് പിന്തള്ളേണ്ടത്. 52 രാജ്യാന്തര ടി20കളില്‍ 62 വിക്കറ്റുകളാണ് ബും ബും എക്‌സ്‌പ്രസിന്‍റെ ഇപ്പോഴത്തെ സമ്പാദ്യം. ടി20യില്‍ ബുമ്രയുടെ മികച്ച ബൗളിംഗ് പ്രകടനം 11 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ്. 20.34 ആണ് ബൗളിംഗ് ശരാശരിയെങ്കില്‍ ഇക്കോണമി 6.63. 

ജയിക്കണം വന്‍ മാര്‍ജിനില്‍

ഇന്ത്യയുടെ നേരിയ സെമി സാധ്യതയിലേക്ക് അതിനിര്‍ണായകമായ ജീവന്‍മരണ പോരാട്ടമാണ് ഇന്ന് സ്‌കോട്‌ലന്‍ഡിനെതിരെ അരങ്ങേറുന്നത്. ദുബായില്‍ രാത്രി 7.30നാണ് മത്സരം. നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് അഫ്‌ഗാനെതിരായ 66 റണ്‍സിന്‍റെ ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്. പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും കോലിപ്പട തോല്‍വി വഴങ്ങിയിരുന്നു. ഇന്ന് വന്‍ മാര്‍ജിനില്‍ വിജയിക്കാതെ ഇന്ത്യക്ക് മുന്നില്‍ മുമ്പോട്ടുള്ള വഴികള്‍ തെളിയില്ല. ബാറ്റിംഗ് നിര ഫോമിലേക്കെത്തിയത് ആശ്വാസമാണ്. 

T20 World Cup| കുട്ടിക്രിക്കറ്റിലെ ആധിപത്യം അസ്തമിച്ചു, വിന്‍ഡീസ് ക്രിക്കറ്റില്‍ ഇനി ഇലപൊഴിയും കാലം

നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. ഇക്കുറി ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. 2007ലെ പ്രഥമ ലോകകപ്പിലെ ഇന്ത്യ- സ്‌കോട്‌ലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചതിനുശേഷം ടി20യില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ് എന്ന സവിശേഷതയുണ്ട്. അഫ്‌‌ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റായിരുന്നു ബുമ്രക്ക് നേടാനായത്.

T20 World Cup| കിരീടം നേടിയില്ലെങ്കില്‍ എന്ത് പ്രയോജനം, റണ്‍സും സെഞ്ചുറിയും വെറുതെയെന്ന് രോഹിത് ശര്‍മ്മ