ബുധനാഴ്‌ചത്തെ പരിശീലന സെഷന്‍ ഇരുവര്‍ക്കും നഷ്‌ടമായി. എന്നാല്‍ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് ടീമിന് ആശ്വാസമാണ്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഓസ്‌ട്രേലിയക്കെതിരായ വമ്പന്‍ സെമിഫൈനല്‍ പോരാട്ടത്തിന്(PAK vs AUS) മുമ്പ് പാക് ക്രിക്കറ്റ് ടീമിന് കനത്ത ആശങ്ക. ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) കഴിഞ്ഞ മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറി കണ്ടെത്തിയ പരിചയസമ്പന്നനായ ഷുഐബ് മാലിക്കും(Shoaib Malik) ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. ഇരുവര്‍ക്കും നേരിയ പനിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

ബുധനാഴ്‌ചത്തെ പരിശീലന സെഷന്‍ ഇരുവര്‍ക്കും നഷ്‌ടമായി. എന്നാല്‍ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് ടീമിന് ആശ്വാസമാണ്. ടീമിലെ മറ്റുള്ളവരുടേയും ഫലം നെഗറ്റീവാണെന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നത്തെ ആരോഗ്യനില കണക്കിലെടുത്താകും താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മാനേജ്‌മെന്‍റ് കൈക്കൊള്ളുക. 

ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു മുഹമ്മദ് റിസ്‌വാനും ഷുഐബ് മാലിക്കും. നായകന്‍ ബാബര്‍ അസമിനൊപ്പമുള്ള റിസ്‌വാന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പാകിസ്ഥാന്‍ ബാറ്റിംഗിന്‍റെ നെടുംതൂണ്‍. അതേസമയം കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ കത്തിക്കയറിയ മാലിക് 18 പന്തില്‍ ഒരു ഫോറും ആറ് സിക്‌സറും സഹിതം 54 റണ്‍സെടുത്തിരുന്നു. റിസ്‌വാന് കളിക്കാനായില്ലെങ്കില്‍ പകരക്കാരനായി മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ് എത്തും. മാലിക്കിന്‍റെ സ്ഥാനത്ത് ഹൈദര്‍ അലിക്കാകും നറുക്ക് വീഴുക. 

T20 World Cup | ഇന്ന് സൗഹൃദമില്ല! മാത്യൂ ഹെയ്‌ഡന്‍-ജസ്റ്റിന്‍ ലാംഗര്‍ പോരാട്ടമായി പാകിസ്ഥാന്‍-ഓസ്ട്രേലിയ സെമി

ഇന്ന് രാത്രി 7.30ന് ദുബായിലാണ് പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സെമി പോരാട്ടം. കരുത്തും കൗശലവും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ പോര് തീപാറുമെന്നുറപ്പ്. മരണഗ്രൂപ്പിലെ വമ്പന്മാരെ മറികടന്നാണ് ഓസ്ട്രേലിയ വരുന്നതെങ്കിൽ ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന പെരുമയുണ്ട് പാകിസ്ഥാന്. ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ പാകിസ്ഥാന്‍ തോല്‍പിച്ചിരുന്ന.

ഐപിഎല്ലിൽ കളിച്ച പരിചയം ഓസ്ട്രേലിയൻ നിരയ്ക്ക് കരുത്ത് കൂട്ടുമെങ്കിൽ സ്വന്തം മണ്ണിലെന്ന പോലെ പാകിസ്ഥാന് ദുബായിൽ പിന്തുണയുണ്ട്. ടൂര്‍ണമെന്‍റിലെ പാകിസ്ഥാന്‍റെ കുതിപ്പിന് ഓസ്‌ട്രേലിയ കടിഞ്ഞാണിടുമോ എന്നാണ് അറിയേണ്ടത്. 

Sanju Samson | സഞ്ജുവിനെ ടീം ഇന്ത്യ തഴയുന്നു? ഹാഷ്‌ടാഗുകള്‍ ശരി, താരം ടീമിന് ആവശ്യമെന്ന് കണക്കുകള്‍