പാകിസ്ഥാനോട് തോറ്റ ഇന്ത്യയും ന്യൂസിലൻഡും തുല്യദു:ഖിതരാണ്. രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താൻ ഇന്ത്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) നിർണായക മത്സരത്തിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യയും(Team India) ന്യൂസിലൻഡും(New Zealand). ദുബായില്‍ ഞായറാഴ്‌ചയാണ് ജീവൻമരണ പോരാട്ടം. ഗ്രൂപ്പിലെ സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന മത്സരം കൂടിയാണിത്. ആദ്യ മത്സരങ്ങളില്‍ പാകിസ്ഥാനോട്(Pakistan) തോറ്റതോടെ ഇന്ത്യക്കും ന്യൂസിലൻഡിനും ഞായറാഴ്‌ചപ്പോര് അതിനിര്‍ണായകമാവുകയായിരുന്നു. 

പാകിസ്ഥാനോട് തോറ്റ ഇന്ത്യയും ന്യൂസിലൻഡും തുല്യദു:ഖിതരാണ്. രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താൻ ഇന്ത്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇന്ത്യയും ന്യൂസിലൻഡും പാകിസ്ഥാനും ഗ്രൂപ്പിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്ഥാൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരെ തോൽപിക്കുമെന്ന് കരുതാം. ഇതോടെ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം നോക്കൗട്ട് മത്സരത്തിന് തുല്യമാകുന്നു. തോൽക്കുന്നവരുടെ സെമി മോഹങ്ങൾ അവസാനിക്കും. അല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. അഫ്‌ഗാനിസ്ഥാൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരിൽ ആരെങ്കിലും ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ് ടീമുകളെ തോൽപിക്കണം. 

Scroll to load tweet…

കണക്കില്‍ കിവീസ്

ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും. ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് നേരിയ മേൽക്കൈയുണ്ട്. ഇതുവരെ ഏറ്റുമുട്ടിയ 16 കളിയിൽ എട്ടിലും ജയം കിവീസിനൊപ്പമായിരുന്നു. ഇന്ത്യ ജയിച്ചത് ആറ് കളിയിലെങ്കില്‍ രണ്ട് മത്സരം ടൈയായി. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും ഇന്ത്യ തോറ്റു. ഇന്ത്യയുടെ ഏക ജയം 2003ലെ ഏകദിന ലോകകപ്പിലാണ്. ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും 2016ലെ ടി20 ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ന്യൂസിലൻഡ് ഇന്ത്യയെ തോൽപിച്ചിരുന്നു.

പാകിസ്ഥാനോട് കോലിപ്പട തോറ്റത് 10 വിക്കറ്റിന്

ദുബായില്‍ പാകിസ്ഥാൻ 10 വിക്കറ്റിന് ടീം ഇന്ത്യയെ തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു. 

ന്യൂസിലന്‍ഡ് തോറ്റത് അഞ്ച് വിക്കറ്റിന്

ന്യൂസിലൻഡിനെ പാകിസ്ഥാന്‍ അ‍ഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. പാകിസ്ഥാന് 34 പന്തിൽ 33 റൺസുമായി മുഹമ്മദ് റിസ്‌വാന്‍ മികച്ച തുടക്കമിട്ടപ്പോള്‍ നായകൻ ബാബർ അസം ഒൻപതിനും ഫഖർ സമാനും മുഹമ്മദ് ഹഫീസും 11നും വീണെങ്കിലും മധ്യനിര പാകിസ്ഥാനെ കാത്തു. പരിചയസമ്പന്നനായ ഷുഐബ് മാലിക്ക് 20 പന്തിൽ 26 ഉം ആസിഫ് അലി 12 പന്തിൽ 27 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

Scroll to load tweet…

നേരത്തെ ഹാരിസ് റൗഫിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ 134ൽ ഒതുക്കിയത്. ഡാരല്‍ മിച്ചലും ദേവോണ്‍ കോൺവേയും 27 റൺസ് വീതമെടുത്തു. നായകൻ കെയ്‌ന്‍ വില്യംസൺ 25ൽ റണ്ണൗട്ടായത് കിവീസിന് കനത്ത തിരിച്ചടിയായി.

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍