സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ അങ്കം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് ഇരു ടീമുകള്‍ക്കും കനത്ത തിരിച്ചടിയാണ്

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ അഫ്‍ഗാനിസ്ഥാന്‍-അയർലന്‍ഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ​​ഗ്രൗണ്ടില്‍ മഴ തോരാന്‍ ഏറെനേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ടീമുകള്‍ പോയിന്‍റ് പങ്കിട്ടു. മെല്‍ബണിലെ ഔട്ട്ഫീല്‍ഡ് കനത്ത മഴയില്‍ കുതിർന്നിരുന്നു. മാച്ച് റഫറിയും അംപയർമാരും പലതവണ മൈതാനത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ അങ്കം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് ഇരു ടീമുകള്‍ക്കും കനത്ത തിരിച്ചടിയാണ്. മത്സരം കാണാനായി മെല്‍ബണിലേക്ക് ഇരു ടീമിന്‍റേയും ആരാധകർ ഇരച്ചെത്തിയിരുന്നു. 

നിരാശ പ്രകടമാക്കി ബട്‍ലർ

മത്സരം ഉപേക്ഷിച്ചതിന്‍റെ നിരാശ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‍ലർ മറച്ചുവെച്ചില്ല. 'ഓസ്ട്രേലിയക്കെതിരെ നിറഞ്ഞ ഗാലറിയിലാണ് കളിക്കേണ്ടിയിരുന്നത്. കരിയറിലെ തന്നെ ഏറ്റവും വലിയ മത്സരം. കരിയറിലെ 100-ാം രാജ്യന്തര ടി20 ഇങ്ങനെയൊരു വേദിയില്‍ കളിക്കാനാവുക മഹത്തരമായിരുന്നു. അത്തരമൊരു മത്സരം ഉപേക്ഷിക്കേണ്ടിവന്നത് കനത്ത നിരാശയാണ്. അടുത്ത മത്സരത്തിന് ഇറങ്ങുന്നതും ടൂർണമെന്‍റിലെ ഭാവി ഉറപ്പാക്കലുമാണ് മുന്നിലുള്ള ലക്ഷ്യം. അയർലന്‍ഡിനെതിരായ ഫലം നിരാശയാണ്. എങ്കിലും ഒരൊറ്റ രാത്രി കൊണ്ട് ഇംഗ്ലണ്ട് മോശം ടീമാവില്ല. മാച്ച് വിന്നർമാരുടെ ടീമാണിത്. വരും മത്സരങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും' ബട്‍ലർ മെല്‍ബണില്‍ മത്സരം ഉപേക്ഷിച്ച ശേഷം വ്യക്തമാക്കി.

ലോകകപ്പിലെ സൂപ്പര്‍-12ല്‍ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. മെല്‍ബണ്‍ തന്നെയായിരുന്നു ഈ മത്സരത്തിന്‍റേയും വേദി. സൂപ്പര്‍-12ല്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഫ്ഗാന്‍റെ സൂപ്പര്‍-12 പോരാട്ടവും മഴമൂലം നടന്നിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയര്‍ലന്‍ഡിനും മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയാണ്. 

മഴക്കളിയില്‍ മുങ്ങി ലോകകപ്പ്: മെല്‍ബണില്‍ മേല്‍ക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കല്‍ വോണ്‍