ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഓപ്പണര്‍മാരായ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(9) സൗമ്യ സര്‍ക്കാരും(6 പന്തില്‍ 15)ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 2.1 ഓവറില്‍ 26 റണ്‍സടിച്ചെങ്കിലും ആന്‍റിച്ച നോര്‍ക്യ എത്തിയതോടെ കളി മാറി. തകര്‍ത്തടിച്ച സൗമ്യ സര്‍ക്കാരിനെ ആദ്യം മടക്കിയ നോര്‍ക്യ പിന്നാലെ ഷാന്‍റോയെയും വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചു.

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സിംബാബ്‌വെക്കെതിരായ ആദ്യ മത്സരത്തില്‍ ഉറപ്പായ വിജയം മഴ തട്ടിയെടുത്തതിനാല്‍ വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ 104 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റിലീ റൂസ്സോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്‍റെ മറുപടി 16.3 ഓവറില്‍ 101 അവസാനിച്ചു. 10 റണ്ഡസിന് നാലു വിക്കറ്റെടുത്ത പേസര്‍ ആൻറിച്ച് നോര്‍ക്യയയും 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ ടബ്രൈസ് ഷംസിയുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 205-5, ബംഗ്ലാദേശ് 16.3 ഓവറില്‍ 101.

നോര്‍ക്യക്ക് മുന്നില്‍ അടിപതറി കടുവകള്‍

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഓപ്പണര്‍മാരായ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(9) സൗമ്യ സര്‍ക്കാരും(6 പന്തില്‍ 15)ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ 2.1 ഓവറില്‍ 26 റണ്‍സടിച്ചെങ്കിലും ആന്‍റിച്ച നോര്‍ക്യ എത്തിയതോടെ കളി മാറി. തകര്‍ത്തടിച്ച സൗമ്യ സര്‍ക്കാരിനെ ആദ്യം മടക്കിയ നോര്‍ക്യ പിന്നാലെ ഷാന്‍റോയെയും വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ലിറ്റണ്‍ ദാസ്(34) പിടിച്ചുനിന്നെങ്കിലും, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ(1) കൂടി മടക്കി നോര്‍ക്യ കടുവകളുടെ തല തകര്‍ത്തു. ആഫിഫ് ഹൊസൈനെ(1) റബാഡയും വീഴ്ത്തിയതോടെ 47-4 എന്ന സ്കോറില്‍ നടുവൊടിഞ്ഞ ബംഗ്ലാദേശ് പിന്നീട് തല ഉയര്‍ത്തിയില്ല. മെഹ്സി ഹസന്‍(11) മാത്രമാണ് പിന്നീട് രണ്ടക്കം കടക്കന്നത്.

നേരത്തെ തുടക്കത്തില്‍ പെയ്ത മഴക്കുശേഷം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ സിക്സർ മഴയുമായി റൈലി റൂസ്സോയും ക്വിന്‍റണ്‍ ഡികോക്കും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. റൂസ്സോ 56 പന്തില്‍ 109 ഉം ഡികോക്ക് 38 പന്തില്‍ 63 ഉം റണ്‍സെടുത്തു. ഡെത്ത് ഓവറുകളിലെ ബംഗ്ലാ തിരിച്ചുവരവാണ് 230 എങ്കിലുമെത്തേണ്ടിയിരുന്ന പ്രോട്ടീസ് സ്കോർ പിടിച്ചുകെട്ടിയത്.

ലോകകപ്പിലെ മോശം ഫോം തുടരുന്ന നായകന്‍ ടെംബാ ബാവുമയെ(6 പന്തില്‍ 2 ) ഇന്നിംഗ്സിന്‍റെ ആദ്യ ഓവറിലെ ആറാം പന്തില്‍ നഷ്ടമായതൊന്നും ദക്ഷിണാഫ്രിക്കയെ ഉലച്ചില്ല. ദക്ഷിണാഫ്രിക്ക 5.5 ഓവറില്‍ 62-1 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തിയപ്പോള്‍ നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ച ഉടനെ റൂസ്സോയും ഡി കോക്കും ചേര്‍ന്ന് സിക്സർ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു. വെറും 13.2 ഓവറില്‍ പ്രോട്ടീസ് 150 പിന്നിട്ടു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 158 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്‍റെ നട്ടെല്ല്.

നേരത്തെ മഴ മൂലം സിംബാബ്‌വെക്കെതിരെ ഉറപ്പായ വിജയം കൈവിട്ട ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ തിരിച്ചുവരവായി ഈ വിജയം. നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് സൂപ്പര്‍ 12വ്‍ വിജയത്തുടക്കമിട്ട ബംഗ്ലാദേശിന്‍റെ ആദ്യ തോല്‍വിയാണിത്.