കയ്യിലൊരു വെള്ളക്കുപ്പിയും ചേറ് പുതഞ്ഞ താരങ്ങളുടെ ഷൂവിന്‍റെ അടിഭാഗം വൃത്തിയാക്കാനുള്ള ബ്രഷുമായായിരുന്നു രഘുവിന്‍റെ ഓട്ടപ്പാച്ചില്‍

അഡ്‍ലെയ്ഡ്: ഏതൊരു വിജയത്തിന്‍റെ പിന്നിലും ആരുമധികം ശ്രദ്ധിക്കാത്ത ചില കരങ്ങളുടെ പ്രയത്നങ്ങളുണ്ടാവും എന്ന് പറയുന്നത് എത്ര ശരിയാണ്. ട്വന്‍റി 20 ലോകകപ്പിലെ നിർണായക സൂപ്പർ-12 മത്സരത്തില്‍ ബംഗ്ലാദേശിനെ മഴനിയമപ്രകാരം അഞ്ച് റണ്‍സിന് ഇന്ത്യ തോല്‍പിച്ചപ്പോള്‍ ഇങ്ങനെയൊരാള്‍ മൈതാനത്തുണ്ടായിരുന്നു. ബാറ്റിംഗും ത്രോയും കൊണ്ട് വിധിയെഴുത്തില്‍ കൈമുദ്ര പതിപ്പിച്ച കെ എല്‍ രാഹുലിനെയും മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട വിരാട് കോലിയെയും ബംഗ്ലാ കടുവകളെ എറിഞ്ഞ് തുരത്തിയ അർഷ്‍ദീപ് സിംഗിനെയും ഹാർദിക് പാണ്ഡ്യയേക്കാളും കയ്യടി അർഹിക്കുന്നത് ഇന്ത്യയുടെ പരിശീലന സംഘത്തിലെ ഒരംഗമാണ്. 

രഘു എന്ന് വിളിപ്പേരുള്ള രാഘവേന്ദ്ര ഇന്ത്യന്‍ ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫില്‍ സൈഡ്-ആം ത്രോയർ ആയി നാളുകളായി ഉള്ളയാളാണ്. അഡ്‍ലെയ്‍ഡിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴക്കളിയായപ്പോള്‍ ബൗണ്ടറിലൈനിന് ചുറ്റും ഓടിനടന്ന് താരങ്ങളുടെ അടുത്തെത്തി എന്തോ തിരക്കുന്ന രഘുവിനെ കാണാനായി. കയ്യിലൊരു വെള്ളക്കുപ്പിയും ചേറ് പുതഞ്ഞ താരങ്ങളുടെ ഷൂവിന്‍റെ അടിഭാഗം വൃത്തിയാക്കാനുള്ള ബ്രഷുമായായിരുന്നു രഘുവിന്‍റെ ഓട്ടപ്പാച്ചില്‍. മഴയില്‍ പുതഞ്ഞ അഡ്‍ലെയ്‍ഡ് ഔട്ട്ഫീല്‍ഡില്‍ തെന്നിവീണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നതും റണ്‍സ് അനാവശ്യമായി വഴങ്ങുന്നതും ഒഴിവാക്കാനുള്ള തീവ്രപരിശ്രമം നടത്തുകയായിരുന്നു രഘു. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ഇന്ത്യന്‍ ആരാധകരാണ് സൈഡ്-ആം ത്രോയർ രഘുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 

Scroll to load tweet…

മഴ കളിച്ച മത്സരത്തില്‍ 5 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ സെമി പ്രതീക്ഷ ഊർജിതമാക്കി. മഴമൂലം മത്സരം 16 ഓവറായി ചുരുക്കിയപ്പോള്‍ പുതുക്കി നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറില്‍ 145-6 എന്ന സ്കോറില്‍ തളയ്ക്കുകയായിരുന്നു. 27 പന്തില്‍ 60 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ കെ എല്‍ രാഹുല്‍ റണ്ണൌട്ടാക്കിയത് വഴിത്തിരിവായി. ഇന്ത്യക്കായി അർഷ്‍ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും രണ്ട് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്യവേ കെ എല്‍ രാഹുല്‍(32 പന്തില്‍ 50), വിരാട് കോലി(44 പന്തില്‍ 64*), സൂര്യകുമാർ യാദവ്(16 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 184 റണ്‍സ് നേടിയിരുന്നു. ആർ അശ്വിന്‍റെ 6 പന്തില്‍ 13 റണ്‍സ് നിർണായകമായി. 

ബംഗ്ലാ കടുവകളെ കൂട്ടിലടച്ച ഇന്ത്യന്‍ വിജയം; ആഘോഷമാക്കി ആരാധകരും മുന്‍താരങ്ങളും