ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ ടി20 കരിയറിന് തന്നെ കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ചും ഓപ്പണറുടെ സ്ഥാനം ഇഷാൻ കിഷൻ ഭദ്രമാക്കിയ പശ്ചാത്തലത്തില്‍

സഞ്ജു സാംസണിന്റെ ട്വന്റി 20 ലോകകപ്പ് അരങ്ങേറ്റത്തിനായി എത്രനാള്‍ ഇനിയും കാത്തിരിക്കണം. അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ആ കാഴ്ച ഇനിയും വൈകുമെന്ന് വ്യക്തമായി. ഇഷാൻ കിഷനെ മറികടന്ന് ആ സ്ഥാനം തിരിച്ചുപിടിക്കുക എന്നത് എളുപ്പം സാധ്യമായ ഒന്നല്ല. പക്ഷേ, നമീബിയക്ക് എതിരായ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് സാധ്യതകളുണ്ട്. അത് ഇഷാന്റെ കസേരയിലേക്കല്ല, അഭിഷേക് ശര്‍മയുടെ ഒന്നാം നമ്പര്‍ സ്പോട്ടിലേക്ക്.

അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ ഇന്ത്യക്കായി ഫീല്‍ഡിങ്ങില്‍ കളത്തിലെത്തിയിരുന്നില്ല. ഫീല്‍ഡിങ്ങില്‍ മാത്രമല്ല മത്സരശേഷമുള്ള ഹസ്തദാനവേളയിലും താരം പ്രത്യക്ഷപ്പെട്ടില്ല. അഭിഷേകിന് കടുത്ത പനിയും അനുബന്ധമായി ചില ആരോഗ്യ പ്രശ്നങ്ങളുമുണ്ടെന്നാണ് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ വ്യതിയാനം മൂലം സ്റ്റാ‍ര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്കും പനി ബാധിക്കുകയും ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയും ചെയ്തിരുന്നു.

അഭിഷേകിന്റെ പകരക്കാരനായി സഞ്ജുവായിരുന്നു അമേരിക്കയ്ക്ക് എതിരെ ഫീല്‍ഡിങ്ങിന് ഇറങ്ങിയതും. ഇന്ത്യയുടെ അടുത്ത മത്സരം ഫെബ്രുവരി 12ന് നമീബിയക്കെതിരെയാണ്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. അഭിഷേകിന്റെ ശാരീരിക ക്ഷമത പരിഗണിക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാൻ എളുപ്പം കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യ പകരക്കാരെ തേടിയെ മതിയാകു. ഇത് മാത്രമല്ല ഇവിടെ വെല്ലുവിളിയാകുന്ന കാര്യം.

ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഫെബ്രുവരി 15നാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരം നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ശ്രീലങ്കയിലെ കൊളംബോയാണ് വേദി. ബഹിഷ്കരണ തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാൻ പിന്നോട്ട് പോയില്ലെങ്കിലും ടീം മൈതാനത്ത് എത്തുമെന്ന കാര്യത്തില്‍ നായകൻ സൂര്യകുമാര്‍ യാദവ് വ്യക്തത വരുത്തിയിട്ടുണ്ട്. വാക്ക് ഓവര്‍ ലഭിക്കണമെങ്കില്‍ സാന്നിധ്യം ഉറപ്പാക്കിയെ മതിയാകു.

ഇനി പാക്കിസ്ഥാൻ തീരുമാനത്തില്‍ നിന്ന് പിന്മാറുകയും മത്സരം നടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അഭിഷേക് കളത്തിലെത്തിയെ മതിയാകു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായില്ലെങ്കില്‍ നമീബിയക്കെതിരെ വിശ്രമം നല്‍കി പാക്കിസ്ഥാനെതിരായ മത്സരത്തിനായി 100 ശതമാനം ക്ഷമതയിലേക്ക് അഭിഷേകിനെ തിരിച്ചെത്തിക്കാൻ മാനേജ്മെന്റ് തയാറായേക്കും. അഭിഷേക് നല്‍കുന്ന തുടക്കമാണ് ഏഷ്യ കപ്പിലുള്‍പ്പെടെ പാക്കിസ്ഥാനെതിരെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ചത്.

ഇങ്ങനെ കാര്യങ്ങള്‍ മാറിമറിയുകയാണെങ്കില്‍ സഞ്ജുവിന് നമീബിയക്ക് എതിരായ മത്സരത്തില്‍ അവസരം നല്‍കാൻ മാനേജ്മെന്റ് ഒരുങ്ങിയേക്കും. താരതമ്യേന ശക്തരല്ലാത്ത നമീബിയക്ക് എതിരെ അഭിഷേകിന്റെ സംഭാവനകള്‍ അത്ര നിര്‍ണമായകല്ല. അതിനാല്‍, ഒരുപരീക്ഷണം ഇന്ത്യയുടെ കുതിപ്പിന് തടയിടാൻ പോന്നതുമല്ല. പക്ഷേ സഞ്ജുവിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായിരിക്കും അനുകൂലമായ ഒരു തീരുമാനമുണ്ടായാല്‍.

ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കില്‍ വലം കയ്യൻ ബാറ്ററുടെ ടി20 കരിയറിന് തന്നെ കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ചും ഓപ്പണറുടെ സ്ഥാനം ഇഷാൻ കിഷൻ ഭദ്രമാക്കിയ പശ്ചാത്തലത്തില്‍. നമീബിയക്കെതിരെ അവസരം ലഭിച്ച് തിളങ്ങിയാല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താൻ കഴിഞ്ഞേക്കും. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ അന്തിമ ഇലവൻ ഉറപ്പിക്കാൻ മികച്ച ഒരു ഇന്നിങ്സിന് പോലും കഴിഞ്ഞേക്കില്ല. കാരണം ന്യൂസിലൻഡ് പരമ്പരയിലെ പ്രകടനം തന്നെയാണ്.

ശുഭ്മാൻ ഗില്ലിനെപ്പോലെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയൊരു പേര് തഴഞ്ഞായിരുന്നു സഞ്ജുവിന് ലോകകപ്പ് ടീമില്‍ ബിസിസിഐ അവസരം നല്‍കിയത്. പക്ഷേ, ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. അഞ്ച് മത്സരങ്ങളിലെ ആകെ സമ്പാദ്യം കേവലം 46 റണ്‍സ് മാത്രമായിരുന്നു. മറുവശത്ത് ഇഷാൻ കിഷൻ ലഭിച്ച അവസരങ്ങളിലെല്ലാം റണ്‍മഴ സൃഷ്ടിക്കുകയും ചെയ്തു.