ഹൈദരാബാദിന്റെ ചില മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് വാര്‍ണര്‍ കണ്ടത് പോലും. മോശം പ്രകടനമായിരുന്നു ഇതിനെല്ലാം കാരണം.

ദുബായ്: ഈ അടുത്തകാലം വരെ മോശം ഫോമിലൂടെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കടന്നുപോയിരുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ക്ക് പിന്നീട് പ്ലയിംഗ് ഇലവനില്‍ പോലും സ്ഥാനം ലഭിച്ചില്ല. ഹൈദരാബാദിന്റെ ചില മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് വാര്‍ണര്‍ കണ്ടത് പോലും. മോശം പ്രകടനമായിരുന്നു ഇതിനെല്ലാം കാരണം. ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ എഴുതിത്തള്ളി. നായകസ്ഥാനം കെയ്ന്‍ വില്യംസണിനെ ഏല്‍പ്പിച്ചു. 

എന്നാല്‍ ടി20 ലോകകപ്പ് അവസാനിക്കുമ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവുമായിട്ടാണ് വാര്‍ണര്‍ മടങ്ങുന്നത്. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. അവസാന മൂന്ന് മത്സരങ്ങളില്‍ 89, 49, 53 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സ്‌കോറുകള്‍. റണ്‍വേട്ടക്കാരില്‍ രണ്ടാമതാണ് ഓസീസ് ഓപ്പണര്‍. വാര്‍ണറുടെ പ്രകടനത്തില്‍ ഭാര്യ കാന്‍ഡൈസ് വാര്‍ണര്‍ക്കും ഏറെ സന്തോഷം. അവരത് ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. കൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേര് പറയാതെ ഒരു കൊട്ടും.

അവരുടെ ട്വിറ്റര്‍ കുറിപ്പ് ഇങ്ങനെ... 'മികച്ച ഫോമിലല്ല, വയസായി, പഴയ വേഗമില്ല. അഭിന്ദനങ്ങള്‍ വാര്‍ണര്‍.'' ഇത്രയുമാണ് കാന്‍ഡൈസ് കുറിച്ചിട്ടത്. കൂടെ പരിഹസിക്കുന്ന രീതിയില്‍ ഒരു സ്‌മൈലിയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വാര്‍ണറുടെ ചിത്രവും കൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

നേരത്തെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും വാര്‍ണറെ പുകഴ്ത്തിയിരുന്നു. താരത്തെ എഴുതിത്തള്ളിയവര്‍ക്കുള്ള ചുട്ടമറുപടിയാണ് ലോകകപ്പില്‍ കണ്ടതെന്ന് ഫിഞ്ച് വ്യക്തമാക്കി. 

കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.