ദുബായില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയെങ്കിലും നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാന്‍ കിവീസിന് സാധിച്ചു.

ദുബായ്: ടി20 ലോകകപ്പ് (T20 World Cup) ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ (Australia) കൂറ്റന്‍ സ്‌കോര്‍ ന്യൂസിലന്‍ഡ് (New Zealand) സ്വന്തമാക്കിയത്. ദുബായില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയെങ്കിലും നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാന്‍ കിവീസിന് സാധിച്ചു. 48 പന്തില്‍ 85 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് (Kane Williamson) കിവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്‌സ്. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (Mitchell Starc) ഒരോവറില്‍ ഒരു സിക്‌സും നാല് ഫോറും വില്യംസണ്‍ നേടിയിരുന്നു. എന്നാല്‍ ശ്രദ്ധേയമായ മറ്റൊരു റെക്കോഡില്‍ കൂടി വില്യംസണ്‍ പങ്കാളിയായി. ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന് സ്‌കോറെന്ന റെക്കോഡ് പങ്കിടുകയാണ് വില്യംസണ്‍. 

ഇക്കാര്യത്തില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സിന് (Marlon Samuels) ഒപ്പമാണ്് വില്യംസണ്‍. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ താരം 85 റണ്‍സ് നേടിയിരുന്നു. ഇക്കാര്യത്തില്‍ സാമുവല്‍സിന്റെ മറ്റൊരു ഇന്നിംഗ്‌സാണ് തൊട്ടുപിന്നില്‍. 2012 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ താരം 78 റണ്‍സ് നേടി.

2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 77 റണ്‍സ് നേടിയിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയുണ്ടായി. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പിറകിലുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഗംഭീര്‍ 75 റണ്‍സ് നേടി. ഇന്ത്യയുടെ ഏക ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ ഗംഭീറിന്റെ ഇന്നിംഗ്‌സിന് വലിയ പങ്കുണ്ടായിരുന്നു.

കിവീസ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചിനെയാണ് (5), ഓസീസിന് നഷ്ടമായത്. ഡേവിഡ് വാര്‍ണര്‍ (26), മിച്ചല്‍ മാര്‍ഷ് (27) എന്നിവരാണ് ക്രീസില്‍.