ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ നേടിയ 210 റണ്‍സ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറുമാണ്.  ഷാര്‍ജയില്‍ സ്കോട്‌ലന്‍ഡിനെതിരെ അഫ്‌ഗാനിസ്ഥാന്‍ നേടിയ 190 റണ്‍സാണ് ഇന്ത്യ ഇന്ന് പിന്നിലാക്കിയത്.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ(Afghanistan ) ദീപാവലി വെടിക്കെട്ട് നടത്തിയ ഇന്ത്യന്‍(India) ബാറ്റര്‍മാര്‍ അടിച്ചെടുത്തത് റെക്കോര്‍ഡ് സ്കോര്‍. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ രണ്ടാമത്തെ സ്കോറാണ് ഇന്ന് നേടിയ 210 റണ്‍സ്. ആദ്യ ടി20 ലോകകപ്പില്‍ യുവരാജ് സിംഗ്(Yuvraj Singh) ആറ് പന്തില്‍ ആറ് സിക്സുകള്‍ പറത്തിയ കളിയില്‍ ഇംഗ്ലണ്ടിനെതിരെ(England) നേടിയ 218-4 ആണ് ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ നേടിയ 210 റണ്‍സ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറുമാണ്. ഷാര്‍ജയില്‍ സ്കോട്‌ലന്‍ഡിനെതിരെ അഫ്‌ഗാനിസ്ഥാന്‍ നേടിയ 190 റണ്‍സാണ് ഇന്ത്യ ഇന്ന് പിന്നിലാക്കിയത്. അഫ്‌ഗാനിസ്ഥാനെതിരെ ഏതെങ്കിലും ഒരു ടീം ടി20യില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറുമാണ് ഇന്ന് ഇന്ത്യ നേടിയ 210 റണ്‍സ്. 2013ല്‍ ഇതേവേദിയില്‍ അയര്‍ലന്‍ഡ് അഫ്ഗാനെതിരെ 225-7 അടിച്ചതാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.

പാക്കിസ്ഥാനെതിരെയും ന്യൂിസലന്‍ഡിനെതിരെയും ടോസ് നഷ്ടമായപ്പോഴെ കളി തോറ്റവരുടെ ശരീരഭാഷയല്ല ഇന്ന് അഫ്ഗാനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും പുറത്തെടുത്തത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറും ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ പവര്‍ പ്ലേ സ്കോറുമാണിത്.

Also Read:അശ്വിനെ തഴയുന്നതിന് പിന്നില്‍ ദുരൂഹത; അന്വേഷിക്കണമെന്ന് വെംഗ്‌സര്‍ക്കാര്‍

പത്തോവര്‍ പിന്നിട്ടപ്പോള്‍ രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യയെ 85 റണ്‍സിലെത്തിച്ചു. 2014ല്‍ ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ അര്‍ധസെഞ്ചുറി നേടിയശേഷം രോഹിത് ടി20 ലോകകപ്പില്‍ അര്‍ധസെഞ്ചുറി നേടുന്നതും ഇതാദ്യമാണ്. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകളുയര്‍ത്തുന്ന രണ്ടാമത്തെ ബാറ്റിംഗ് സഖ്യമെന്ന റെക്കോര്‍ഡ‍ിനൊപ്പവും ഇരുവരും എത്തി. 14.4 ഓവറില്‍ 140 റണ്‍സാണ് രോഹിത്-രാഹുല്‍ സഖ്യം ഇന്ന് നേടിയത്.

നാലാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ന് അഫ്ഗാനെതിരെ നേടിയത്. ഗപ്ടില്‍-വില്യംസണ്‍, രോഹിത്-ധവാന്‍ എന്നിവരും നാലു വീതം സെഞ്ചുരി കൂട്ടുകെട്ടുകളുയര്‍ത്തിയിട്ടുണ്ട്. അഞ്ച് സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കിയ പാക്കിസ്ഥാന്‍റെ ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യമാണ് മുന്നില്‍.

Also Read:ടി20 റാങ്കിംഗില്‍ ബാബര്‍ അസം ഒന്നാമത്, ഹസരങ്കയ്ക്കും നേട്ടം; ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

അഫ്ഗാനെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രോഹിത്(47 പന്തില്‍74), രാഹുല്‍(48 പന്തില്‍ 69), റിഷഭ് പന്ത്(13 പന്തില്‍ 27*), ഹര്‍ദ്ദിക് പാണ്ഡ്യ(13 പന്തില്‍ 35*) എന്നിവരാണ് തകര്‍ത്തടിച്ചത്.