മുമ്പ് വനിതാ താരങ്ങൾക്ക് ടി20, ഏകദിന മത്സരങ്ങൾക്ക് ലഭിച്ചിരുന്ന തുച്ഛമായ തുക തമീം ഇഖ്‌ബാലിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി കുത്തനെ കൂട്ടി. 

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ(ബിസിബി) അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്‍റായി ചുമതലയേറ്റ മുൻ നായകൻ തമീം ഇഖ്‌ബാൽ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തിൽ വൻ വർധനവ് പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ വനിതാ താരങ്ങൾക്ക് ഒരു ഏകദിന മത്സരത്തിന് ലഭിച്ചിരുന്നത് വെറും 1,000 ടാക്ക (ഏകദേശം 715 ഇന്ത്യൻ രൂപ) മാത്രമായിരുന്നു എന്നറിഞ്ഞ തമീം ഞെട്ടൽ രേഖപ്പെടുത്തി. ഇതേത്തുടർന്നാണ് പുരുഷ-വനിതാ ആഭ്യന്തര താരങ്ങളുടെ പ്രതിമാസ ശമ്പളവും മാച്ച് ഫീസും കുത്തനെ വർദ്ധിപ്പിക്കാൻ തമീം ഇഖ്‌ബാല്‍ തീരുമാനിച്ചത്.

മുമ്പ് വനിതാ താരങ്ങൾക്ക് ടി20, ഏകദിന മത്സരങ്ങൾക്ക് ലഭിച്ചിരുന്ന തുച്ഛമായ തുക തമീം ഇഖ്‌ബാലിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി കുത്തനെ കൂട്ടി. ഏകദിന മത്സരംത്തിലെ മാച്ച് ഫീ 1,000 ടാക്കയിൽ(8 ഡോളര്‍) നിന്ന് 15,000 ടാക്കയായി(120 ഡോളര്‍) ആയാണ് ഉയർത്തിയത്. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ താരങ്ങള്‍ക്ക് ഒരു മത്സരത്തിന് ഇനി 20,000 ടാക്കയും പ്രതിഫലം ലഭിക്കും. ടി20 മത്സരം: മാച്ച് ഫീ 10,000 ടാക്കയായി നിശ്ചയിച്ചു. ഇതിന് പുറമെ മികച്ച 36 വനിതാ താരങ്ങളുടെ പ്രതിമാസ ശമ്പളം 30,000 ടാക്കയിൽ നിന്ന് 40,000 ടാക്കയായി വർദ്ധിപ്പിച്ചു. ഇത് ചെറിയ വര്‍ധവനാണെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതാണ് ചെയ്യുന്നതെന്നും തമീം ഇഖ്ബാല്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിലെ പുരുഷ താരങ്ങളുടെ ശമ്പളഘടനയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എ കാറ്റഗറിയില്‍ വരുന്ന താരങ്ങളുടെ പ്രതിമാസ ശമ്പളം 65,000 ടാക്കയായി ഉയർത്തി. ബി, സി കാറ്റഗറി താരങ്ങളുടെ പ്രതിമാസ പ്രതിഫലം യഥാക്രമം 50,000, 40,000 ടാക്ക വീതമായും ഉയർത്തി. പുരുഷ താരങ്ങളുടെ ഫസ്റ്റ് ക്ലാസ് മാച്ച് ഫീ 70,000 ടാക്കയിൽ നിന്ന് 1 ലക്ഷം ടാക്കയായി വർദ്ധിപ്പിച്ചു.

താരങ്ങൾക്ക് നിലവിൽ നൽകുന്ന തുക തീരെ കുറവാണെന്നും അവർ അർഹിക്കുന്ന അംഗീകാരം നൽകേണ്ടതുണ്ടെന്നും തമീം ഇഖ്‌ബാൽ പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരങ്ങളുടെ ശമ്പളത്തിൽ മാറ്റമുണ്ടായിരുന്നില്ല. അവർ കഠിനാധ്വാനം ചെയ്യുന്നുണ്ട്, അവരുടെ പ്രയത്നം കൊണ്ടാണ് ക്രിക്കറ്റ് നിലനിൽക്കുന്നത്. അവർക്ക് മാന്യമായ പ്രതിഫലം നൽകേണ്ടത് ബോർഡിന്റെ കടമയാണെന്നും തമീം പറഞ്ഞു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ പ്രതിച്ഛായ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തമീമിനെ 11 അംഗ കമ്മിറ്റിയുടെ തലവനായി നിയമിച്ചത്. താൻ ചുമതലയേറ്റ ശേഷം എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഇതെന്ന് തമീം കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ താരങ്ങൾക്ക് പുതിയ ശമ്പളം ലഭിച്ചു തുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക