Asianet News MalayalamAsianet News Malayalam

വനിതാ ക്രിക്കറ്റിൽ 88 വര്‍ഷത്തിനിടെ ആദ്യം, ഇംഗ്ലണ്ടിനെതിരെ ബാസ്‌ബോള്‍ കളിച്ച് റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ടീം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഡിവൈ പാട്ടീലിലെ ബാറ്റിംഗ് പറുദീസയുടെ ആനുകൂല്യം പരമാവധി മുതലാക്കി.

Team India creates history in womens Tests, become second team in 88 years to score 400 plus runs in a day
Author
First Published Dec 14, 2023, 8:04 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ വനിതാ ടീം. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ്. വനിതാ ടെസ്റ്റ് ക്രിക്കറ്റിന്‍റെ 88 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം ആദ്യ ദിവവസം 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്.

ഇംഗ്ലണ്ട് പുരുഷ ടീം ടെസ്റ്റ് ക്രിക്കറ്റില്‍ നടപ്പാക്കിയ ബാസ്ബോള്‍ ബാറ്റിംഗ് ശൈലി വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ അനുകരിച്ചപ്പോള്‍ പിറന്നത് റെക്കോര്‍ഡ് സ്കോര്‍. 1935ല്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് ടീം നേടിയ 431/4 ആണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആദ്യ ദിനം ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പെ ഇന്ത്യക്ക് വമ്പൻ തിരിച്ചടി, ഹീറോ ആവാന്‍ ഷമി ഉണ്ടാവില്ല

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഡിവൈ പാട്ടീലിലെ ബാറ്റിംഗ് പറുദീസയുടെ ആനുകൂല്യം പരമാവധി മുതലാക്കി. ബാറ്റിംഗ് നിരയില്‍ ഒറ്റ ബാറ്റര്‍ പോലും സെഞ്ചുറി നേടിയില്ലെങ്കിലും ഇന്ത്യക്ക് 410 റണ്‍സെടുക്കാനായി. 69 റണ്‍സെടുത്ത ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ജെമീമ റോഡ്രിഗസ്(68), യാസ്തിക ഭാട്ടിയ(66), ദീപ്തി ശര്‍മ(60*), ഹര്‍മന്‍പ്രീത് കൗര്‍(49) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്രം ശുഭമായിരുന്നില്ല. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (17), ഷെഫാലി വര്‍മ (19) എന്നിവരെ ഇന്ത്യക്ക് സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സെത്തും മുമ്പെ നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശുഭ - ജെമീമ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റി. 115 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. ശുഭ പുറത്തായശേഷമെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49), യാസ്തിക ഭാട്ടിയയും, ദീപ്തി ശര്‍മയും, സ്നേഹ റാണയുമെല്ലാം തിളങ്ങിയതോടെ ഇന്ത്യ റെക്കോര്‍ഡ് സ്കോറിലേക്ക് കുതിച്ചു. ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര ഇംഗ്ലണ്ട് 2-1ന് നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios