ദുബായ്: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയ്ക്ക് തുടക്കമാവുക. മൂന്ന് വീതം ടി20യും, ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമുകളേയാണ് എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക.

എം എസ് ധോണി പിന്‍മാറിയതിനാല്‍ ഋഷഭ് പന്തിനായിരിക്കും വിക്കറ്റ് കീപ്പറുടെ ചുമതല. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹ രണ്ടാം വിക്കറ്റ് കീപ്പറായേക്കും. അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ടീം തെരഞ്ഞെടുപ്പ്.

ടീമിനെ ആര് നയിക്കുമെന്നുളള കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. കോലി ഏകദിനത്തില്‍ കളിക്കുമെന്നും ഇല്ലെന്നും വാര്‍ത്തകളുണ്ട്. കോലിക്ക് വിശ്രമം അനുവദിച്ചാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനാവും. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയേക്കും. ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇരുവരും തിരിച്ചെത്തും. 

പരിക്കില്‍ നിന്ന് മോചിതരാവാത്ത ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവരെ പരിഗണിക്കില്ല. മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ഓപ്പണിംഗ് സ്ഥാനത്തെത്തും. മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, പ്രിയങ്ക് പാഞ്ചല്‍, ബംഗാളിന്റെ അഭിമന്യു ഈശ്വരന്‍ എന്നിവരെ മധ്യനിരയിലേക്ക് പരിഗണിക്കുന്നു. ഭുവനേശ്വറിനൊപ്പം ഖലീല്‍ അഹമ്മദ്, നവദീപ് സയ്‌നി, ദീപക് ചാഹര്‍ എന്നിവരെയാണ് ബൗളിംഗ് നിരയിലേക്ക് പരിഗണിക്കുന്നത്.