ഒരു താരത്തിന്‍റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് ടീം തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്
മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപനം വൈകുകയാണ്. രണ്ടാം ടെസ്റ്റ് കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിനം സ്ക്വാഡ് പ്രഖ്യാപിക്കും എന്നായിരുന്നു വാര്‍ത്തകളെങ്കില്‍ ഇതുവരും ടീമിനെ കണ്ടെത്താന്‍ ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിക്കായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിയെ കാത്താണ് സെലക്ടര്‍മാര്‍ സ്ക്വാഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ മറ്റൊരു താരത്തിന്‍റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് ടീം തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കാലിന് പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മൂന്നാം ടെസ്റ്റില്‍ കളിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സെലക്ടര്‍മാര്‍. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ജഡേജയുള്ളത്. എന്‍സിഎയില്‍ നിന്ന് ജഡേജയുടെ ഫിറ്റ്നസ് റിപ്പോര്‍ട്ടിനായി സെലക്ടര്‍മാര്‍ കാത്തിരിക്കുന്നു. അതേസമയം ആദ്യ ടെസ്റ്റില്‍ തന്നെ പരിക്കേറ്റ മറ്റൊരു താരമായ കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ സജ്ജമാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ മൂന്നാം മത്സരത്തില്‍ കളിപ്പിക്കണമെന്നും അതല്ല വിശ്രമം നല്‍കണമെന്നുമുള്ള ഭിന്നാഭിപ്രായങ്ങളും നിലനില്‍ക്കുന്നു. ബുമ്രയുടെ തന്നെയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
രാജ്കോട്ടില്‍ ഫെബ്രുവരി 15-ാം തിയതിയാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങുക. കുടുംബപരമായ കാരണങ്ങള്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാറിനിന്ന വിരാട് കോലിക്ക് അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നഷ്ടമാകും. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ രാജ്കോട്ടില്‍ കളിക്കുമോ എന്ന് വ്യക്തമല്ല.
Read more: വിരാട് കോലി പുറത്തുതന്നെ, മൂന്ന് ടെസ്റ്റുകളും നഷ്ടമാകും; യുവ പേസര്‍ അപ്രതീക്ഷിതമായി ടീമിലേക്ക്
