ധോണി ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചുവെന്നും എന്നാൽ ടീമിലെ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് പ്ലേയിംഗ് ഇലവനിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് ധോണി കളിക്കാത്തതെന്നുമാണ് റിപ്പോര്‍ട്ട്.

ചെന്നൈ: ഐപിഎല്ലിൽ സഞ്ജു സാംസണിന് കീഴിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയക്കുതിപ്പ് തുടരുമ്പോഴും ആരാധകരുടെ ഒരേയൊരു ചോദ്യം എന്നായിരിക്കും എം.എസ്. ധോണിയുടെ മടങ്ങിവരവ് എന്നതാണ്. പരിക്ക് മാറി പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടും ധോണി സ്വയം മാറി നില്‍ക്കുന്നതാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ധോണി ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചുവെന്നും എന്നാൽ ടീമിലെ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് പ്ലേയിംഗ് ഇലവനിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് ധോണി കളിക്കാത്തതെന്നുമാണ് റിപ്പോര്‍ട്ട്. നിലവിൽ ടീം മികച്ച ബാലൻസിലാണെന്നും ആ കോമ്പിനേഷൻ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ധോണിയുടെ നിലപാടെന്ന് സൂചനകൾ വ്യക്തമാക്കുന്നു. ധോണി ഇംപാക്ട് പ്ലെയറായി ടീമിലെത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ഈ സാധ്യത പൂർണ്ണമായും തള്ളി.

ധോണി തിരിച്ചെത്തുകയാണെങ്കിൽ അത് വിക്കറ്റ് കീപ്പറായി തന്നെയായിരിക്കും. നെറ്റ്സിൽ അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. എങ്കിലും കാലിലെ പരിക്ക് കാരണം വിക്കറ്റുകൾക്കിടയിലെ വേഗത്തിലുള്ള ഓട്ടം എത്രത്തോളം സാധ്യമാകുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നൂറ് ശതമാനം സജ്ജമായാൽ മാത്രമേ അദ്ദേഹം കളത്തിലിറങ്ങൂവെന്ന് മൈക് ഹസി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിലെ ആദ്യ മത്സരത്തിന് തൊട്ടു മുമ്പ് മാർച്ച് 28-ന് പരിക്കേറ്റ ധോണിക്ക് ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ നഷ്ടമായിക്കഴിഞ്ഞു. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ റോളിലും ഓപ്പണിംഗ് ബാറ്ററായും തിളങ്ങുന്ന സാഹചര്യത്തിൽ ധോണിയുടെ അഭാവം ടീമിനെ ബാധിച്ചിട്ടില്ലെങ്കിലും ആരാധകർ നിരാശയിലാണ്. വാംഖഡെയിൽ മുംബൈക്കെതിരായ മത്സരത്തിന് മുന്നോടിയായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയത് വലിയ ആവേശം നൽകിയിരുന്നെങ്കിലും ധോണി കളിക്കാനിറങ്ങാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ധോണിയും രോഹിത്തും കളിക്കാത്ത ആദ്യ ഐപിഎല്‍ എല്‍ ക്ലാസിക്കോ മത്സരമായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക