അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പില്‍ ഓപ്പണര്‍മാരാകുമെന്നുറപ്പാണ്. മൂന്നാം നമ്പറില്‍ തിലക് വര്‍മക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് കൈഫ്.

ലക്നൗ: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെയാകുമെന്ന ചര്‍ച്ചകള്‍ക്കിടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ കോച്ച് ഗൗതം ഗംഭീറിന് മുന്നില്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായ സാഹചര്യത്തില്‍ ഓപ്പണറായ സഞ്ജു സ്വാഭാവികമായും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

എന്നാല്‍ സഞ്ജുവിനെയും ഗില്ലിനെയും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും അതിനുവേണ്ടി ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനാണെങ്കിലും തിലക് വര്‍മയെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കണമെന്നും കൈഫ് പറഞ്ഞു. തിലക് വര്‍മയെ ഒഴിവാക്കായില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാകുമെന്നും സഞ്ജു പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണെന്നും കൈഫ് പറഞ്ഞു.

അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പില്‍ ഓപ്പണര്‍മാരാകുമെന്നുറപ്പാണ്. മൂന്നാം നമ്പറില്‍ തിലക് വര്‍മക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണം. കാരണം, തിലക് ചെറുപ്പമാണ്. ഇനിയും അവസരം മുന്നിലുണ്ട്. അതേസമയം, സഞ്ജു പരിചയസമ്പന്നനായ താരമാണ്. തുടര്‍ച്ചയായി അവസരം നല്‍കി സഞ്ജുവിനെ മൂന്നാം നമ്പറില്‍ സ്ഥിരമാക്കണം. കാരണം, ആറ് മാസങ്ങള്‍ക്കപ്പുറം ലോകകപ്പുണ്ട്. സഞ്ജു തീര്‍ച്ചയായും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്നും കൈഫ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

ഐപിഎല്ലിലെ ഏറ്റവും മികച്ച 10 സിക്സ് അടിക്കാരില്‍ ഒരാളാണ് സഞ്ജു. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ ഇറങ്ങുമ്പോള്‍ മധ്യ ഓവറുകളില്‍ റാഷിദ് ഖാന്‍ പന്തെറിയാനായി വരുമ്പോള്‍ റാഷിദിനെ നേരിടാൻ സഞ്ജുവിനെക്കാള്‍ നല്ലൊരു കളിക്കാരനില്ല. ഫ്രണ്ട് ഫൂട്ടിലിറങ്ങി ഏത് ബൗളറെയും സിക്സിന് പറത്താൻ അവനാവും. ബാറ്റിംഗിന് ഏറ്റവും ബുദ്ധിമുട്ടേറിയ ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറികള്‍ അടിച്ച താരമാണ് സഞ്ജു. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ കഴിയുന്ന താരമാണ് സഞ്ജു. അതുപോലെ ഐപിഎല്ലില്‍ എല്ലാ വര്‍ഷവും 400-500 റണ്‍സ് സ്ഥിരമായി സ്കോര്‍ ചെയ്യുന്ന താരവുമാണ് അവന്‍.

View post on Instagram

ഏഷ്യാ കപ്പ് സ്ക്വാഡിലെ ഏറ്റവും സീനിയര്‍ താരം കൂടിയാണ് സഞ്ജു. 2015ലാണ് സഞ്ജു ഇന്ത്യൻ ടീമില്‍ അരങ്ങേറിയത്. 2024ലെ ടി20 ലോകകപ്പ് ടീമിലും അവനുണ്ടായിരുന്നു. പക്ഷെ ലോകകപ്പില്‍ അവന് അവസരം ലഭിച്ചില്ല. എന്നാല് അവസരം ലഭിച്ചപ്പോഴൊക്കെ അവന്‍ റണ്‍സടിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തതെന്നും കൈഫ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക