ഇന്ത്യയില്‍ നിന്ന് വിജയം പിടിച്ചെടുക്കാനാവാത്തതില്‍ നിരാശനായ ഇംഗ്ലണ്ട് നായകന്‍ എനിക്കു കിട്ടാത്തത് നിനക്കും വേണ്ടെന്ന നിലപാടിലാണ് ജഡേജക്കും സുന്ദറിനും സെഞ്ചുറി നിഷേധിക്കാന്‍ ശ്രമിച്ചതെന്നും അശ്വിന്‍.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജഡേജയും സുന്ദറും സെഞ്ചുറിക്ക് അരികെ നില്‍ക്കുമ്പോള്‍ സമനിലക്കായി ശ്രമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. സ്റ്റോക്സിന്‍റേത് ഇരട്ടത്താപ്പാണെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് വിജയം പിടിച്ചെടുക്കാനാവാത്തതില്‍ നിരാശനായ ഇംഗ്ലണ്ട് നായകന്‍ എനിക്കു കിട്ടാത്തത് നിനക്കും വേണ്ടെന്ന നിലപാടിലാണ് ജഡേജക്കും സുന്ദറിനും സെഞ്ചുറി നിഷേധിക്കാന്‍ ശ്രമിച്ചതെന്നും അശ്വിന്‍ പറഞ്ഞു. വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ സ്വന്തം കളിക്കാരോടാണ് അസ്വസ്ഥനാവേണ്ടത്. അതിന് നിങ്ങള്‍ ഹെല്‍മെറ്റ് വലിച്ചെറിയുകയോ ഡ്രസ്സിംഗ് റൂമിലെ ചുമരിലിടിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോളു. അല്ലാതെ ഏകപക്ഷീയമായി മത്സരം അവസാനിപ്പിക്കാനായി എതിരാളിക്ക് കൈ കൊടുത്ത് അവരുടെ സെഞ്ചുറി നിഷേധിക്കാൻ ശ്രമിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഞങ്ങള്‍ ജയിച്ചില്ല, എന്നാല്‍ പിന്നെ നീ സെഞ്ചുറി അടിക്കേണ്ട എന്ന നിലപാടായിരുന്നില്ല സ്റ്റോക്സ് സ്വീകരിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് സന്തോഷമില്ല, നിങ്ങളും അങ്ങനെ സന്തോഷിക്കേണ്ട എന്ന ചിന്തയായിരുന്നു ആ സമയം സ്റ്റോക്സിന്. അസ്വസ്ഥതകൊണ്ട് അവര്‍ പണ്ട് ഗ്രെഗ് ചാപ്പല്‍ എറിഞ്ഞതുപോലെ അണ്ടര്‍ ആം എറിയുമോ എന്ന് വരെ ഞാന്‍ സംശയിച്ചു.

ഒരു ദിവസം മുഴുവന്‍ ക്രീസില്‍ നിന്ന് ഇംഗ്ലീഷ് ബൗളര്‍മാരെയെല്ലാം നേരിട്ട അവര്‍ക്ക് സെഞ്ചുറി നേടാന്‍ തീര്‍ച്ചയായും അര്‍ഹതയുണ്ട്. ആ സമയത്ത് ഹാരി ബ്രൂക്കിനെ അടിച്ചാണോ നീ സെഞ്ചുറി തികയ്ക്കാന്‍ പോകുന്നതെന്നൊക്കെയാണ് സ്റ്റോക്സ് ജഡ്ഡുവിനോട് ചോദിക്കുന്നത്. എന്നാല്‍ പിന്നെ സ്റ്റോക്സ് ആന്‍ഡ്ര്യു ഫ്ലിന്‍റോഫിനെ കൊണ്ടുവരട്ടെ കളിക്കാൻ. നമ്മളാരും വേണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ. നമ്മള്‍ പറഞ്ഞിട്ടാണോ അവര്‍ ഹാരി ബ്രൂക്കിനെക്കൊണ്ട് പന്തെറിയിച്ചത്. അത് അവരുടെ തെറ്റാണ്. ഞാനായിരുന്നു ശുഭ്മാന്‍ ഗില്ലിന്‍റെ സ്ഥാനത്തെങ്കില്‍ ഇന്ത്യ ബാക്കിയുള്ള മുഴുവന്‍ ഓവറുകളും ബാറ്റ് ചെയ്യുമായിരുന്നു- അശ്വിന്‍ പറഞ്ഞു.

Scroll to load tweet…

അതുപോലെ സെഞ്ചുറി അടിക്കണമായിരുന്നെങ്കില്‍ വേഗത്തില്‍ ബാറ്റ് ചെയ്യണമെന്നാണ് സ്റ്റോക്സിന്‍റെ അടുത്തുണ്ടായിരുന്ന സാക് ക്രോളി പറഞ്ഞത്. അത് ബാറ്റ് ചെയ്യുന്നവരുടെ ഇഷ്ടമാണ്, എങ്ങനെ ബാറ്റ് ചെയ്യണമെന്നത്. ജഡേജയുടെയും സുന്ദറിന്‍റെയും സ്ഥാനത്ത് സാക് ക്രോളിയും ബെന്‍ സ്റ്റോക്സുമായിരുന്നു ബാറ്റ് ചെയ്തിരുന്നത് എങ്കില്‍ ക്രിക്കറ്റിലെ മാന്യത കണക്കിലെടുത്ത് ആ സമയം സമനിലക്ക് സമ്മതിച്ച് കൈ കൊടുക്കുമായിരുന്നോ. അതാലോചിക്കുമ്പോള്‍ തന്നെ എനിക്ക് ചിരിയാണ് വരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് സമനിലയല്ല, വിജയം തന്നെയാണെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക