കിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യൻമാരെ ലഭിക്കുമെന്നതാണ് ഇന്നത്തെ ഫൈനലിന്‍റെ സവിശേഷത.

നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ തുടക്കത്തിലെ മഴയുടെ കളി. മഴമൂലം മത്സരത്തിന് ഇതുവരെ ടോസിടാനായിട്ടില്ല. 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ ഇടക്കിടെ പെയ്യുന്ന മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍‍ മൂന്ന് മണിക്ക് ടോസിടുമെന്നാണ് പുതിയ അറിയിപ്പ്. 

ലോകകപ്പില്‍ കിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യൻമാരെ ലഭിക്കുമെന്നതാണ് ഇന്നത്തെ ഫൈനലിന്‍റെ സവിശേഷത. ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ ആദ്യമായാണ് നടക്കുന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് ഫൈനല്‍ കളിച്ചത്. 2005ല്‍ ഓസീസ് കരുത്തിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ 2017ല്‍ വിജയത്തിനരികെ ഇംഗ്ലണ്ടിനോട് 9 റണ്‍സ് തോല്‍വി വഴങ്ങി.അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണിത്.

ഇന്ത്യൻ പ്രതീക്ഷകള്‍

ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നൽകിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്‍റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിർണായകമാകും. ലോറ വോൾവാർട്ട്, നെയ്ദിൻ ഡി ക്ലാർക്ക്, മരിസാൻ കാപ്പ്, ടസ്മിൻ ബ്രിറ്റ്സ് തുടങ്ങിയവരിലാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ. രണ്ടാമത് പന്തെറിയുന്ന ടീമിന് മഞ്ഞുവീഴ്ച വെല്ലുവിളി ആവുമെന്നതിനാല്‍ ടോസ് നിര്‍ണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക