നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സുമായി പൊരുതി.

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്ക് മൂന്ന് വിക്കറ്റിന്‍റെ ആവേശജയം. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സെടുത്ത് പൊരുതിയെങ്കിലും ലക്ഷ്യത്തിന് 103 റണ്‍സ് അകലെ വീണെങ്കിലും വാലറ്റക്കാരായ അന്‍ഷുല്‍ കാംബോജ്(37*), മാനവ് സുതാര്‍(20*) തനുഷ് കൊടിയാന്‍(23) എന്നിവരുടെ പോരാട്ടം ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. 90 റണ്‍സെടുത്ത റിഷഭ് പന്തിന് പുറമെ 34 റണ്‍സുമായി ആയുഷ് ബദോനിയും ഇന്ത്യക്കായി പൊരുതി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ എ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ആരംഭിക്കും. മത്സരത്തില്‍ നിര്‍ണായക റണ്‍സ് നേടുകയും 8 വിക്കറ്റഅ വീഴ്ത്തുകയും ചെയ്ത തനുഷ് കൊടിയാനാണ് കളിയിലെ താരം. സ്കോര്‍ ദക്ഷിണാഫ്രിക്ക എ 309,199, ഇന്ത്യ എ 234,277/7.

നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സുമായി പൊരുതി. ആയുഷ് ബദോനിയുമൊത്ത് 53 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയ റിഷഭ് പന്ത് ഇന്ത്യൻ സ്കോര്‍ 172ല്‍ നില്‍ക്കെ പുറത്തായത് തിരിച്ചടിയായി. 113 പന്തില്‍ 11 ഫോറും നാലു സിക്സും പറത്തി 90 റണ്‍സെടുത്ത റിഷഭ് പന്തിനെ ടിയാന്‍ വാന്‍ വൂറന്‍ പുറത്താക്കിയതിന് പിന്നാലെ 34 റണ്‍സെടുത്ത ആയുഷ് ബദോനിയെയും വൂറന്‍ തന്നെ മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

രക്ഷകരായി വാലറ്റം

തനുഷ് കൊടിയാന്‍ 23 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചെങ്കിലും ജയത്തിന് 60 റണ്‍സകലെ സിംപാലയുടെ പന്തില്‍ വീണു. എന്നാല്‍ ഏട്ടാം വിക്കറ്റില്‍ ഒരുമിച്ച കൊടിയാനും മാനവ് സുതാറും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 62 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയവര കടത്തി. 46 പന്തില്‍ നാലു ഫോറും രണ്ട് സിക്സും പറത്തിയാണ് അന്‍ഷുല്‍ കാംബോജ് 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. മാനവ് സുതാര്‍ 56 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. സായ് സുദര്‍ശന്‍(12), ദേവ്ദത്ത് പടിക്കല്‍(5) , ആയുഷ് മാത്രെ((6), രജത് പാട്ടീദാര്‍(28) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി ഇന്ത്യ എ 32-3 എന്ന സ്കോറിലേക്ക് തകര്‍ന്നെങ്കിലും രജത് പാട്ടീദാറും(28) റിഷഭ് പന്തും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. ദക്ഷിണാഫ്രിക്ക എക്കായി ഷെപ്പോ മൊറേക്കി രണ്ടും ടിയാന്‍ വാന്‍ വൂറന്‍ മൂന്നും വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക