ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഹെഡ് നേടിയത്. നാലാം ഇന്നിംഗ്സില്‍ ഒരു ബാറ്ററുടെ വേഗമേറിയ സെഞ്ചുറിയെന്നും റെക്കോര്‍ഡും ഹെഡ് സ്വന്തമാക്കി.
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി ബാസ്ബോള്‍ ശൈലിയില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്‍റെ ബാറ്റിംഗ് മികവില്‍ ഓസ്ട്രേലിയക്ക് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം. രണ്ടു ദിവസം കൊണ്ട് 30 വിക്കറ്റുകള്‍ നിലംപൊത്തിയ പെര്‍ത്തിലെ വിക്കറ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും പരിക്കേറ്റ ഉസ്മാന്‍ ഖവാജക്ക് പകരം ഓപ്പണറായി ഇറങ്ങി 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി. 83 പന്തില്‍ 123 റണ്‍സടിച്ച ഹെഡ് വിജയത്തിനരികെ വീണെങ്കിലും 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍നസ് ലാബുഷെയ്നും രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി.
ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഹെഡ് നേടിയത്. നാലാം ഇന്നിംഗ്സില്‍ ഒരു ബാറ്ററുടെ വേഗമേറിയ സെഞ്ചുറിയെന്നും റെക്കോര്‍ഡും ഹെഡ് സ്വന്തമാക്കി. 23 റണ്‍സെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡിന്‍റെ വിക്കറ്റും ഓസീസിന് നഷ്ടമായിരുന്നു. 30 റണ്‍സുമായി മാര്‍നസ് ലാബുഷെയ്ന്‍ പുറത്താകാതെ നിന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ രണ്ടിന് ബ്രിസ്ബേനിലെ ഗാബയില്‍ തുടങ്ങും. സ്കോര്‍ ഇംഗ്ലണ്ട് 172, 164, ഓസ്ട്രേലിയ 132, 205-2.
തല ഉയര്‍ത്തി ഹെഡ്
205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ ഓസീസിന് ഉസ്മാന്‍ ഖവാജയുടെ പരിക്ക് അനുഗ്രഹമായപ്പോള്‍ ട്രാവിസ് ഹെഡ് ആണ് അരങ്ങേറ്റക്കാരൻ ജേക്ക് വെതറാള്‍ഡിനൊപ്പം ക്രീസിലെത്തിയത്. തുടക്കത്തിലെ തകര്‍ത്തടിച്ച ഹെഡ് ആധിപത്യം നേടാനുള്ള ഇംഗ്ലീഷ് പേസര്‍മാരുടെ ശ്രമങ്ങള്‍ വിഫലമാക്കി. ആദ്യ ഇന്നിംഗ്സില്‍ രണ്ട് പന്തിനുള്ളില്‍ മടങ്ങിയ വെതറാള്‍ഡും മികച്ച പിന്തുണ നല്‍കിയതോടെ ഓപ്പണിംഗ് വിക്കറ്റില്‍ 11.3 ഓവറില്‍ 75 റണ്‍സടിച്ച് ഓസീസ് സമ്മര്‍ദ്ദം അകറ്റി.
23 റണ്‍സെടുത്ത വെതറാള്‍ഡിനെ ബ്രെയ്ഡന്‍ കാര്‍സ് മടക്കിയെങ്കിലും മാര്‍നസ് ലാബുഷെയ്നിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹെഡ് ഓസിസിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലുമായി ഇംഗ്ലണ്ട് 66.4 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. ആദ്യ ഇന്നിംഗ്ലില്‍ 45.2 ഓവറില്‍ പുറത്തായ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 205 റണ്‍സ് വിജയലക്ഷ്യം 30 ഓവറിലാണ് അടിച്ചെടുത്തത്. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹെഡ് ആഷസിലെ വേഗമേറിയ അഞ്ചാമത്തെ അര്‍ധസെഞ്ചുറിയാണ് നേടിയത്. അര്‍ധസെഞ്ചുറി തികച്ചശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ ഒരോവറില്‍ തുടര്‍ച്ചയായി നാലു ബൗണ്ടറികള്‍ പറത്തിയ ഹെഡ്
നേരത്തെ ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞെങ്കിലും ആദ്യ ഇന്നിംഗ്സില്‍ നേടിയ 40 റണ്‍സ് ലീഡാണ് ഓസിസിന്‍റെ വിജയലക്ഷ്യം 205 റണ്‍സായി ഉയര്‍ത്തിയത്. നാലു വിക്കറ്റെടുത്ത സ്കോട് ബോളണ്ടും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റെടുത്ത ബ്രണ്ടന്‍ ഡോഗെറ്റും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിലും എറിഞ്ഞിട്ടത്. എട്ടാമനായി ഇറങങി 37 റണ്‍സെടുത്ത ഗുസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഒല്ലി പോപ്പ് 33 റണ്‍സെടുത്തപ്പോള്‍ ബെന്‍ ഡക്കറ്റ് 28 റണ്‍സെടുത്തു. വാലറ്റത്ത് തകര്‍ത്തടിച്ച അറ്റ്കിന്‍സണും ബ്രെയ്ഡന്‍ കാര്‍സും(20) ചേര്‍ന്നാണ് ഓസീസിന്‍റെ വിജയലക്ഷ്യം ഉയര്‍ത്തിയത്. നേരത്തെ 123-9 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസിസിന്‍റെ ഒന്നാം ഇന്നിംഗ്സ് 132 റണ്‍സില്‍ അവസാനിച്ചിരുന്നു.
തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്
40 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ(0) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒല്ലി പോപ്പും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടിലൂടെ മികച്ച നിലയിലെത്തിച്ചെങ്കിലും ഇരുവരെയും പുറത്താക്കിയ സ്കോട് ബോളണ്ടാണ് ഓസീസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ജോ റൂട്ടിനെ(8) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ഹാരി ബ്രൂക്കിനെ ബോളണ്ട് പൂജ്യത്തിന് മടക്കി. പിന്നാലെ ബെന്‍ സ്റ്റോക്സ്(2) കൂടി മടങ്ങിയതോടെ 65-1ല്‍ നിന്ന് ഇംഗ്ലണ്ട് 76-5ലേക്ക് കൂപ്പുകുത്തി. ജാമി സ്മിത്തിനെ(15) ഡോഗെറ്റ് മടക്കിയശേഷം ക്രീസിലെത്തിയ അറ്റ്കിന്‍സണ്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 32 പന്തില്‍ 37 റണ്‍സടിച്ചതോടെ ഇംഗ്ലണ്ട് 100 കടന്നു.
ബ്രെയ്ഡന്‍ കാര്‍സ്(20 പന്തില്‍ 20) മികച്ച പിന്തുണ നല്‍കിയതോടെ എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായക 50 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 104-7ല്‍ നിന്ന് 154ലെത്തി ലീഡ് 200ന് അടുത്തെത്തിക്കാനിം അറ്റ്കിന്‍സണ്‍-കാര്‍സ് കൂട്ടുകെട്ടിനായി. കാര്‍സിനെ മടക്കി ഡോഗെറ്റ് കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ ജോഫ്ര ആര്‍ച്ചറെ കൂടി ഡോഗെറ്റ് മടക്കി. പൊരുതി നിന്ന അറ്റ്കിന്‍സണെ ബോളണ്ടും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി മത്സരത്തില്‍ 10 വിക്കറ്റ് തികച്ചു.


