മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ഒരു ദിവസം രണ്ട് ഹാട്രിക്ക് പിറന്നു. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമായ പാക് താരം ഹാരിസ് റൗഫും അഡ്‌ലെയ്ഡ് സ്ട്രൈക്കഴ്സ് താരമായ റാഷിദ് ഖാനുമാണ് ഹാട്രിക്ക് നേട്ടത്തിന് ഉടമകളായത്.

സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിലാണ് ഹാരിസ് റൗഫ് ഹാട്രിക്ക് സ്വന്തമാക്കിയത്. മാത്യു ഗൈല്‍ക്സ്, കാളം ഫെര്‍ഗൂസന്‍, ഡാനിയേല്‍ സാംസ് എന്നിവരാണ് ഹാരിസ് റൗഫിന്റെ ഇരകള്‍. ബിഗ് ബാഷില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഹാരിസ് നാല് മത്സരങ്ങളില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ 13 വിക്കറ്റുകളാണ് ഹാരിസ് ഇതുവരെ നേടിയത്. സീസണിന്റെ തുടക്കത്തില്‍ വിക്കറ്റെടുത്തശേഷം കഴുത്തറക്കുന്ന വിജയാഘോഷം നടത്തി റൗഫ് വിവാദത്തില്‍പ്പെട്ടിരുന്നു.

സിഡ്നി സ്ട്രൈക്കേഴ്സിനെതിരെ ആയിരുന്നു അഫ്ഗാന്‍ നായകനായ റാഷിദ് ഖാന്‍ കരിയറിലെ മൂന്നാം ഹാട്രിക്ക് സ്വന്തമാക്കിയത്. ജെയിംസ് വിന്‍സ്, ജോര്‍ദാന്‍ സില്‍ക്ക്, ജാക് എഡ്വേര്‍ഡ്സ് എന്നിവരാണ് റാഷിദിന്റെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയത്.  മത്സരത്തിന്റെ പത്താമത്തെയും പന്ത്രണ്ടാമത്തെയും ഓവറുകളിലായാണ് റാഷിദ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിനായി ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും റാഷിദ് സ്വന്തമാക്കി.