മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ് മടങ്ങിയെങ്കിലും പുതുവര്‍ഷത്തില്‍ ഉമേഷ് യാദവിനെ കാത്തിരുന്നത് സന്തോഷവാര്‍ത്ത. ഭാര്യ ടാനിയ വാധ്വ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതായി ഉമേഷ് ട്വീറ്റ് ചെയ്തു. 'ഈ ലോകത്തിലേക്ക് സ്വാഗതം കുഞ്ഞു രാജകുമാരി, നീ ഇവിടെയെത്തിയതില്‍ അതിയായ സന്തോഷമെന്നായിരുന്നു' കുഞ്ഞിന്‍റെ ചിത്രം പങ്കുവെച്ച് ഉമേഷ് കുറിച്ചത്.

മുഹമ്മദ് ഷമിക്ക് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ബുമ്രക്കൊപ്പം ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷയായിരുന്നു ഉമേഷ്. എന്നാല്‍ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയുന്നതിനിടെ ഇടതു തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ ഉമേഷിന് പരമ്പര നഷ്ടമാവുമെന്ന് ഇന്നലെയാണ് ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്.

ഉമേഷിന് പകരം ടി നടരാജനെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസറ്റിലും കളിച്ച ഉമേഷ് 39.4 ഓവറില്‍ നാലു വിക്കറ്റെടുത്തിരുന്നു. മെല്‍ബണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റെടുക്കാന്‍ കഴിയാതിരുന്ന ഉമേഷ് രണ്ടാം ഇന്നിംഗ്സില്‍ 13 പന്തുകള്‍ മാത്രമെ എറിഞ്ഞുള്ളൂവെങ്കിലും ഓസീസ് ഓപ്പണര്‍ ജോണ്‍ ബേണ്‍സിനെ പുറത്താക്കിയിരുന്നു. ഷമിക്കൊപ്പം പരിക്കേറ്റ ഉമേഷും ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാവും ഇരുവരുടെയും തുടര്‍ന്നുള്ള ചികിത്സയും പരിശീലനവും.