Asianet News MalayalamAsianet News Malayalam

ഇശാന്തും രഹാനെയും പറയുന്നതില്‍ കാര്യമുണ്ട്; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് ഉമേഷ്

താരങ്ങളെല്ലാം വളരെയേറെ പ്രാധാനത്തോടെയാണ് ഫൈനല്‍ മത്സരത്തെ കാണുന്നത്. അടുത്തിടെ ഇശാന്തും രഹാനെയും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലോകകപ്പ് ഫൈനലിന് തുല്ല്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Umesh Yadav talking on ICC World Test Championship
Author
Mumbai, First Published May 21, 2021, 8:29 PM IST

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുകയാണ് ഇന്ത്യ. അടുത്തമാസം 18ന് സതാംപ്ടണില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് മത്സരം. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലില്ലാത്ത നിരവധി താരങ്ങള്‍ ടെസ്റ്റ് ടീമിലുണ്ട്. ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരെല്ലാം അതിന് ഉദാഹരണമാണ്. മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ വല്ലപ്പോഴുമാണ് ഏകദിന- ടി20 ടീമുകളില്‍ ഇടം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ താരങ്ങളെല്ലാം വളരെയേറെ പ്രാധാനത്തോടെയാണ് ഫൈനല്‍ മത്സരത്തെ കാണുന്നത്. അടുത്തിടെ ഇശാന്തും രഹാനെയും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലോകകപ്പ് ഫൈനലിന് തുല്ല്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

ഉമേഷ് യാദവിനും അതേ അഭിപ്രായമാണുള്ളത്. രഹാനെയും ഇശാന്തും പറയുന്നത് പോലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലോകകപ്പ് ഫൈനലിന് തുല്യമാണെന്ന് ഉമേഷ് അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കുകയായിരുന്നു ഉമേഷ്. ''ടീമിലെ ചില താരങ്ങളെങ്കിലും ഇനിയും നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലോകകപ്പിന് തുല്യമാണ്. മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ഞങ്ങള്‍ ഫൈനലിലെത്തിയത്. മുമ്പ് ഇശാന്തും രഹാനെയും ഇക്കാര്യം വ്യക്തമാക്കിയതാണ്. ടെസ്റ്റ് മാത്രം കളിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ന്യൂസിലന്‍ഡിനെതിരായ മത്സരം ലോകകപ്പ് ഫൈനലിന് തുല്യമാണ്.'' ഉമേഷ് യാദവ് പറഞ്ഞുനിര്‍ത്തി.

നാട്ടില്‍ പത്ത് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിതിന് ശേഷമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുക. ഇംഗ്ലണ്ടില്‍ എട്ട് ദിവസത്തെ ക്വാറന്റീനിലും താരങ്ങള്‍ കഴിയേണ്ടതുണ്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios