വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍, ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (169) അവിശ്വസനീയ സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. 

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 320 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (143 പന്തില്‍ 169) അവിശ്വസനീയ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടസ്മിന്‍ ബ്രിട്‌സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി.

മോഹിപ്പിക്കുന്ന തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലോറ - ടസ്മിന്‍ സഖ്യം 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 23-ാം ഓവറില്‍ മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചിത്. ബ്രിട്‌സിനെ എക്ലെസ്‌റ്റോണ്‍ ബൗള്‍ഡാക്കി. അതേ ഓവറില്‍ അന്നെകെ ബോഷിനേയും (0) ബൗള്‍ഡാക്കാന്‍ എക്ലെസ്‌റ്റോണിന് സാധിച്ചു. നാലാമതായി ക്രീസിലെത്തിയ സുനെ ലുസ് (1) നതാലി സ്‌കിവര്‍ ബ്രന്‍ഡിന് മുന്നില്‍ കീഴടങ്ങിയതോടെ മൂന്നിന് 119 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

തുടര്‍ന്നെത്തിയ കാപ്പ്, ക്യാപ്റ്റന് പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇരുവരും 72 റണ്‍സ് കൂട്ടിചേര്‍ത്തത് നിര്‍ണായകമായി. കാപ്പ് 374-ാം ഓവറിലാണ് മടങ്ങുന്നത്. പിന്നീട് വന്ന സിനാലോ ജാഫ്ത (1), അന്നേരി ഡെര്‍ക്ക്‌സെന്‍ (4) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതോടെ ആറിന് 202 എന്ന നിലയിലെത്തി ദക്ഷിണാഫ്രിക്ക. 300നപ്പുറമുള്ള സ്‌കോര്‍ ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു. എന്നാല്‍ ക്ലോ ട്രൈയോണിനെ (26 പന്തില്‍ പുറത്താവാതെ 33) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയെ 300 കടത്തി. 47 പന്തില്‍ 89 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

47-ാം ഓവറില്‍ ലോറ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴിന് 291 എന്ന നിലയിലായിരുന്നു. നാല് സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലോറയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ നദീന്‍ ഡി ക്ലാര്‍ക്ക് (11), ട്രൈയോണിനൊപ്പം പുറത്താവാതെ നിന്നു. എക്ലെസ്റ്റോണിന് പുറമെ ലോറന്‍ ബെല്‍ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

YouTube video player