സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് വിദേശതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കിയിരുന്നു.

മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ടീമുകളിലെ വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു. ഇന്ന് വൈകിട്ടോടെ വിദേശ താരങ്ങളുടെ മടക്കം പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. ഐപിഎല്‍ ഒരാഴ്ചത്തേക്കാണ് നിര്‍ത്തിവെച്ചതെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ അടുത്ത ആഴ്ച ടൂര്‍ണമെന്‍റ് പുനരാരംഭിക്കാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഇതിനിടെയാണ് സുരക്ഷയും താരങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് ടീമുകള്‍ വിദേശ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത്.സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാമെന്ന് വിദേശതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കളിക്കാരും ടീം ഉടമകളുമാണ് തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും ദേവ്ജിത് സൈക്കിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് ടീമുകളിലെയും വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്നലെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ നാലു വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ വേദികളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ആഴ്ച ഐപിഎല്‍ പുനരാരംഭിച്ചാലും ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ താരങ്ങള്‍ തിരികെയെത്തുമോ എന്ന കാര്യത്തില്‍ ടീമുകള്‍ക്ക് ആശങ്കയുണ്ട്. ഇത് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളെയും ബാധിക്കാനിടയുണ്ട്.

വിദേശ താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ് ടീമുകളെ താരങ്ങളുടെ തിരിച്ചുപോക്ക് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നാലു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. ജോഷ് ഹേസല്‍വുഡിന്‍റെ ബൗളിംഗ് മികവില്‍ മുന്നേറിയ ആര്‍സിബിക്കും ജോസ് ബട്‌ലറുടെ അസാന്നിധ്യം ഗുജറാത്തിനും വെല്ലുവിളിയായേക്കും. ജൂണ്‍ 11ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെ താരങ്ങള്‍ തിരിച്ചു വരാനുള്ള സാധ്യത വിരളമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക