ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്‍റിലെ ബാക്കി മത്സരങ്ങള്‍ വെച്ചാല്‍ രാജ്യാന്തര താരങ്ങള്‍ കളിക്കാനെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത് ടീമുകളുടെ കരുത്ത് ചോര്‍ത്തുമെന്നും ഇതുവരെ നടത്തിയ മികച്ച പ്രകടനങ്ങളെ ഇല്ലാതാക്കുമെന്നും ടീം ഉടമകള്‍ ബിസിസിഐയെ അറിയിച്ചതായാണ് വിവരം.

മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ നാലു വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യത കുറഞ്ഞ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ വേദികളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്‍റുമായി മുന്നോട്ടുപോകാനും അല്ലാത്തപക്ഷം ഈ നാലു നഗരങ്ങളില്‍ മാത്രമായി മത്സരങ്ങള്‍ പരിമിതപ്പെടുത്തി ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. ടൂര്‍ണമെന്‍റ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലേക്ക് മാറ്റിവെക്കുന്നത് ഉചിതമാകില്ലെന്നാണ് ബിസിസിഐ കരുതുന്നത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്‍റിലെ ബാക്കി മത്സരങ്ങള്‍ വെച്ചാല്‍ രാജ്യാന്തര താരങ്ങള്‍ കളിക്കാനെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത് ടീമുകളുടെ കരുത്ത് ചോര്‍ത്തുമെന്നും ഇതുവരെ നടത്തിയ മികച്ച പ്രകടനങ്ങളെ ഇല്ലാതാക്കുമെന്നും ടീം ഉടമകള്‍ ബിസിസിഐയെ അറിയിച്ചതായാണ് വിവരം.

ഐപിഎല്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചാല്‍ വിദേശതാരങ്ങളുടെ പങ്കാളിത്തം ടീമുകള്‍ക്ക് പ്രശ്നമാവാനിടയുണ്ട്. സെപ്റ്റംബര്‍ 2 മുതല്‍ 14 വരെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ടി20 പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 17-2വരെ അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിന് ടി20 പരമ്പരയുണ്ട്. ഈ സമയത്തേക്ക് ഐപിഎല്‍ മാറ്റിവെച്ചാല്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങള്‍ക്ക് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ ഒരാഴ്ച വൈകിയാണെങ്കിലും മെയ് മാസത്തില്‍ തന്നെ ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കുന്ന കാര്യമാണ് ബിസിസിഐ ഇപ്പോള്‍ പരിഗണിക്കുന്നത്. ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചെങ്കിലും മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനുള്ള സാധ്യതയാണ് ബിസിസിഐ പരിഗണിക്കുന്നത്.ഐപിഎല്ലില്‍ ഇനി പ്ലേ ഓഫും ഫൈനലും അടക്കം 16 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മെയ് 25ന് കൊല്‍ക്കത്തയിലാണ് ഫൈനല്‍ തീരുമാനിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക