ന്യൂസിലന്‍ഡിനെതിരായ തിരുവനന്തപുരത്തെ ടി20 മത്സരത്തിൽ ജസ്പ്രീത് ബുമ്ര തൻ്റെ കരിയറിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചു. 

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുമ്രയ്ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കരിയറിലെ ഏറ്റവും മോശം ദിനം. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ നാല് ഓവറില്‍ 58 റണ്‍സാണ് ബുമ്ര വഴങ്ങിയത്. തന്റെ 262 മത്സരങ്ങള്‍ നീണ്ട ടി20 കരിയറില്‍ ബുമ്ര വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മത്സരത്തില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാതിരുന്ന ബുമ്ര, 2021-ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വഴങ്ങിയ 56 റണ്‍സിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

കൂടാതെ അന്താരാഷ്ട്ര ടി20 കരിയറില്‍ ബുമ്ര വഴങ്ങുന്ന ഏറ്റവും ചെലവേറിയ ഓവറും ഇന്നലെ പിറന്നു. കിവീസ് താരം ഡാരില്‍ മിച്ചല്‍ കടന്നാക്രമിച്ച ഇന്നിംഗ്സിലെ 14-ാം ഓവറില്‍ (ബുമ്രയുടെ മൂന്നാം ഓവര്‍) 22 റണ്‍സാണ് പിറന്നത്. 2017-ല്‍ ഇംഗ്ലണ്ടിനെതിരെ വഴങ്ങിയ 21 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യ ഉയര്‍ത്തിയ 271 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ഓവറിലാണ് ബുമ്ര പന്തെറിയാന്‍ എത്തിയത്. ആദ്യ ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയെങ്കിലും പിന്നീട് താളം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

രണ്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് 14 റണ്‍സ് നേടി. മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചല്‍ ഒരു ഫോറും രണ്ട് സിക്‌സറുകളും പറത്തിയപ്പോള്‍ ആകെ 22 റണ്‍സ് പിറന്നു. ബെവോണ്‍ ജേക്കബിന്റെ വക ഒരു ഫോറും. നാലാം ഓവറിലും വാലറ്റക്കാരായ ഇഷ് സോധിയും ജേക്കബ് ഡഫിയും ഓരോ ഫോറുകള്‍ നേടിയതോടെ 13 റണ്‍സ് കൂടി ബുമ്രയുടെ സ്‌കോറിലേക്ക് ചേര്‍ക്കപ്പെട്ടു.

ബുമ്ര പതറിയെങ്കിലും മറ്റ് താരങ്ങളുടെ മികവില്‍ ഇന്ത്യ 46 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1 ന് നേടി. ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും (43 പന്തില്‍ 103), നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സും (30 പന്തില്‍ 63) ഇന്ത്യയെ 271-ല്‍ എത്തിച്ചു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 225 റണ്‍സെടുക്കാനാണ് സാധിച്ചത്. അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റ് നേടി. ടി20 കരിയറില്‍ അദ്ദേഹത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പിന്തുണ നല്‍കി.

YouTube video player