സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ ഗുജറാത്ത് ക്യാപ്റ്റൻ ഉർവിൽ പട്ടേലിന് തകര്‍പ്പൻ സെഞ്ച്വറി. സർവീസസിനെതിരെ 31 പന്തിൽ സെഞ്ച്വറി തികച്ച ഉർവിൽ, 37 പന്തിൽ 119 റൺസുമായി പുറത്താകാതെ നിന്നു. 

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഗുജറാത്ത് ക്യാപ്റ്റൻ ഉർവിൽ പട്ടേൽ. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ സർവീസസിനെതിരെ നടന്ന മത്സരത്തിൽ വെറും 31 പന്തിലാണ് ഉർവിൽ പട്ടേൽ സെഞ്ച്വറി തികച്ചത്. 11 ഫോറുകളുടെയും എട്ട് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ഉർവിലിന്റെ സെഞ്ച്വറി. 

ടോസ് നേടിയ ​ഗുജറാത്ത് സർവീസസിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സർവീസസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ ഗുജറാത്ത് ഓപ്പണർമാരായ ഉർവിലും ആര്യ ദേശായിയും അത്യുജ്ജ്വലമായ പ്രകടനമാണ് പുറത്തെടുത്തത്. സർവീസസിന്റെ ബൗളിം​ഗ് ആക്രമണത്തെ തച്ചുതകർത്ത ഇരുവരും ചേർന്ന് ഒന്നാം ഇന്നിം​ഗ്സിൽ 174 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതോടെ കാര്യങ്ങൾ ​ഗുജറാത്തിന് അനുകൂലമായി മാറി. 

183 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 45 പന്തുകളും 8 വിക്കറ്റുകളും ബാക്കി നിര്‍ത്തി മറികടന്നു. 37 പന്തിൽ 12 ഫോറുകളും 10 സിക്സറുകളും സഹിതം 119 റൺസുമായി ഉർവിൽ പുറത്താകാതെ നിന്നു. ആര്യാ ദേശായി 35 പന്തിൽ 6 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 60 റൺസ് നേടി ഉർവിലിന് മികച്ച പിന്തുണ നൽകി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 28 പന്തിൽ സെഞ്ച്വറി നേടിയ ഉര്‍വിൽ പട്ടേലും അഭിഷേക് ശര്‍മ്മയുമാണ് വേഗമേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡ് പങ്കിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഉര്‍വിൽ 28 പന്തിൽ അതിവേഗ സെഞ്ച്വറി നേടിയത്. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും റെക്കോര്‍ഡ് ബുക്കിൽ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ് ഉര്‍വിൽ. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈസിയെയും ആരാധകരെയും സംബന്ധിച്ചിടത്തോളം അടുത്ത സീസണിലെ പ്രതീക്ഷയാണ് ഉര്‍വിൽ പട്ടേൽ.