ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ 280 റണ്‍സെടുത്തു. വേദാന്ത് ത്രിവേദിയുടെയും (86) രാഹുല്‍ കുമാറിന്‍റെയും (62) അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ബ്രിസ്ബേന്‍: ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷിയും ക്യാപ്റ്റന്‍ ആയുഷ് മാത്രെയും നിരാശപ്പെടുത്തിയ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തി 92 പന്തില്‍ 86 റണ്‍സടിച്ച വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചാം നമ്പറിലിറങ്ങിയ രാഹുല്‍ കുമാര്‍ 84 പന്തില്‍ 62 റണ്‍സടിച്ചപ്പോള്‍ വിഹാന്‍ മല്‍ഹോത്ര 40 റണ്‍സെടുത്തു. വാലറ്റത്ത് 11 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന ഖിലാന്‍ പട്ടേലാണ് ഇന്ത്യയെ 280 റണ്‍സിലെത്തിച്ചത്.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ ബോര്‍ഡില്‍ 10 റൺസെത്തിയപ്പോഴെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ നഷ്ടമായി. നാലു റണ്‍സ് മാത്രമെടുത്ത മാത്രെയെ ബെന്‍ ഗോര്‍ഡണാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റില്‍ വൈഭവും വിഹാന്‍ മല്‍ഹോത്രയും പ്രതീക്ഷ നല്‍കിയെങ്കിലും രണ്ട് സിക്സ് അടക്കം 20 പന്തില്‍ 16 റണ്‍സടിച്ച വൈഭവ് ഏഴാം ഓവറില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് വിഹാന്‍ മല്‍ഹോത്ര-വേദാന്ത് ത്രിവേദി സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്.
വിഹാന്‍ മല്‍ഹോത്ര പുറത്തായശേഷം നാലാം വിക്കറ്റില്‍ രാഹുല്‍ കുമാറുമൊത്ത് 99 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേദാന്ത് പുറത്തായത്. 8 ബൗണ്ടറികള്‍ അടക്കം 92 പന്തില്‍ 86 റണ്‍സായിരുന്നു വേദാന്തിന്‍റെ സംഭാവന. വിക്കറ്റ് കീപ്പര്‍ ഹര്‍വന്‍ഷ് പംഗാലിയയെ(23) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന രാഹുല്‍ കുമാര്‍ ഇന്ത്യയെ 250ന് അടുത്തെത്തിച്ചശേഷമാണ് പുറത്തായത്. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനായി വില്‍ ബൈറോമും കേസി ബാര്‍ട്ടണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര 2-0ന് നേരത്തെ സ്വന്തമാക്കിയിരുന്നു.


